കോഴിക്കോട് ഐ.ഐ.എം കാമ്പസിൽ സംസ്ഥാന മന്ത്രിസഭ അംഗങ്ങൾക്കായി സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരളം’ നേതൃശിൽപശാലയിൽ ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി ക്ലാസെടുക്കുന്നു


ക്ലാസ്മുറിയിലിരുന്ന് വികസന സ്വപ്നംകണ്ട് മുഖ്യനും മന്ത്രിമാരും; മന്ത്രിസഭ നേതൃശിൽപശാലക്ക് ഐ.ഐ.എമ്മിൽ തുടക്കം

കോഴിക്കോട്: ആധുനിക ഭരണ നിർവഹണത്തിലും വികസനത്തിലും പുതിയ ദിശാനിർണയത്തിനും സാധ്യതകൾ കണ്ടെത്തുന്നതിനുമായി സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കുള്ള ‘റീ ഇമാജിനിങ് കേരളം’ ദ്വിദിന നേതൃശിൽപശാലക്ക് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.എം.കെ) കാമ്പസിൽ തുടക്കം. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മന്ത്രിസഭാംഗങ്ങൾക്ക് പുറമെ, ചീഫ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും ആദ്യദിനത്തിലെ സെഷനുകളിൽ പങ്കെടുത്തു. അഞ്ച് മണിക്കൂറിലേറെ നീണ്ട സെഷനുകളിൽ മന്ത്രിമാർ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ആദ്യ സെഷൻ ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജിയാണ് നയിച്ചത്. പ്രഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ സെഷൻ ഏകോപിപ്പിച്ചു. നിർമിതബുദ്ധിയും ഭരണനിർവഹണവും, ആരോഗ്യ രംഗവും ക്ഷേമവും, കാലാവസ്ഥാ പ്രതിരോധശേഷിയും ദുരന്തനിവാരണവും, ജനസംഖ്യയിലെ വയോജന വർധനയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യതകളും, ഭാവിയിലെ സാമ്പത്തിക അവസരങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ആദ്യദിന സെഷനുകളിൽ ചർച്ചയായി. ‘കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുക’ എന്ന വിഷയത്തിൽ നടന്ന സെഷന് ചെന്നൈ അരവിന്ദ് കണ്ണാശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അരവിന്ദ് ശ്രീനിവാസൻ നേതൃത്വം നൽകി.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അപകടസാധ്യതകൾ നേരിടുന്നതിനും ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള സമൂഹാധിഷ്ഠിത തയ്യാറെടുപ്പുകൾ സംബന്ധിച്ച അന്തർദേശീയ അനുഭവങ്ങളും സംഗമത്തിൽ ചർച്ചയായി. ‘അപകടസാധ്യതകൾക്കൊപ്പം ജീവിക്കുക: കാലാവസ്ഥാ പ്രതിരോധശേഷിയും സമൂഹത്തിന്റെ തയ്യാറെടുപ്പും -ജപ്പാനിൽ നിന്നുള്ള കാലാവസ്ഥാ വ്യതിയാന അനുകൂലനത്തിന്റെയും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിന്റെയും പാഠങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രഫസർ രാജീബ് ഷാ, ഐ.ഐ.എം പ്രഫ. അനുപം ദാസ് എന്നിവർ നേതൃത്വം നൽകി. സർക്കാർ നയങ്ങളും തീരുമാനങ്ങളും സമൂഹത്തിൽ സുസ്ഥിര മാറ്റങ്ങളായി രൂപാന്തരപ്പെടുന്നതിനുള്ള മാർഗങ്ങൾ,. ‘കേരളത്തിന്റെ വയോജന സമ്പദ്‌വ്യവസ്ഥാ ദൗത്യം’ എന്നിവയും ചർച്ച ചെയ്തു.

ശനിയാഴ്ച സംസ്ഥാനത്തിന്‍റെ സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലെ കേരളത്തിന്റെ സ്ഥാനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ച ചെയ്യും.

Tags:    
News Summary - Cabinet Leadership Workshop begins at IIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.