തിരുവനന്തപുരം: മുല്ലപ്പെരിയാർ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് തമിഴ്നാട് ഉയർത്തുന്ന സമ്മർദങ്ങൾക്കിടെ, പുതിയ ഡാമിനായുള്ള ആവശ്യം സജീവമായി ഉന്നയിക്കാനൊരുങ്ങി കേരളം. മേൽനോട്ട സമിതിയിലും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ചർച്ചകളിലും പുതിയ ഡാമിന്റെ ഡി.പി.ആർ അവതരിപ്പിച്ചുള്ള ചർച്ചക്കാണ് നീക്കം. ഏതു വേദിയിലും ചർച്ച ചെയ്യാനാവുന്ന വിധമുള്ള ഡി.പി.ആറാണ് ജലവിഭവ വകുപ്പ് തയാറാക്കിയത്. തമിഴ്നാടിന് ജലം, കേരളത്തിന് പുതിയ ഡാം എന്ന ആവശ്യത്തിൽ കേരളം ഉറച്ചുനിൽക്കുകയാണ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞദിവസവും ഇക്കാര്യം ആവർത്തിച്ചിരുന്നു.
മുലപ്പെരിയാർ സുരക്ഷിതമാണെന്ന നിലപാട് ഉന്നയിക്കുന്ന തമിഴ്നാട് അറ്റകുറ്റപ്പണിക്കായി മരംമുറിക്കായുള്ള അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തിൽ രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയിൽ മേൽനോട്ട സമിതി തീരുമാനമെടുക്കണമെന്ന ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് വരും ചർച്ചകളിൽ പുതിയ ഡാമിന്റെ അനിവാര്യത ബോധ്യപ്പെടുത്താൻ കേരളം ശ്രമിക്കുക.
ഡാമിന്റെ കരട് ഡി.പി.ആർ കഴിഞ്ഞ വർഷം തന്നെ തയാറായിരുന്നു. ആവശ്യമായ തിരുത്തലും പരിശോധനയും നടത്തിയശേഷമാണ് റിപ്പോർട്ട് അന്തിമമാക്കിയത്. പുതിയ ഡാമിനെ എതിർക്കുന്ന നിലപാടാണ് തമിഴ്നാടിന്. ഇതിൽ തമിഴ്നാടുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.