മുജീബുറഹ്‌മാൻ, ടി. എസ്. ശ്യാംകുമാർ

'വാക്കുകൾ അനാദരവ് നിറഞ്ഞതും വേദനിപ്പിക്കുന്നതും'; ടി. എസ്. ശ്യാംകുമാറിനെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞ് മുജീബുറഹ്‌മാൻ

കോഴിക്കോട്: ഡോ. ടി. എസ്. ശ്യാംകുമാറിനെ അപമാനിച്ചതിൽ ക്ഷമാപണം നടത്തി കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം അധ്യാപകൻ ഡോ. എം. പി. മുജീബുറഹ്‌മാൻ. ഫോൺ സംഭാഷണത്തിനിടെ ഉപയോഗിച്ച ചില വാക്കുകൾ അനാദരവ് നിറഞ്ഞതും ശ്യാംകുമാറിനെ വേദനിപ്പിക്കുന്നതുമായിരുന്നു എന്നു മനസിലാക്കുന്നതായി മുജീബുറഹ്‌മാൻ പറഞ്ഞു.

'ഒരു ദേശീയ സെമിനാറിൻ്റെ സംഘാടകനെന്ന നിലയിൽ ഡോ. ടി. എസ്. ശ്യാംകുമാറിനെ പ്രഭാഷകനായി ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഫോൺ സംഭാഷണ മധ്യേ ഞാൻ ഉപയോഗിച്ച ചില വാക്കുകൾ അനാദരവ് നിറഞ്ഞതും അദ്ദേഹത്തെ വേദനിപ്പിക്കുന്നതുമായിരുന്നു എന്നു മനസ്സിലാക്കുന്നു. ആ പദപ്രയോഗങ്ങൾ ഉപയോഗിക്കുവാൻ പാടില്ലാത്തതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇതു കാരണം ഡോ. ടി എസ്. ശ്യാംകുമാറിനും ബന്ധപ്പെട്ടവർക്കും ഉണ്ടായ പ്രയാസത്തിന് നിർവ്യാജമായ ക്ഷമാപണം നടത്തുന്നു' -മുജീബുറഹ്‌മാൻ പറഞ്ഞു.

ക്ഷമാപണം സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ ചർച്ചകളും എല്ലാവരും അവസാനിപ്പിക്കണമെന്നും അഭ്യർഥിക്കുന്നതായം മുജീബുറഹ്‌മാൻ കൂട്ടിച്ചേർത്തു. ക്ഷണിക്കപ്പെട്ട സെമിനാറിലേക്ക് എത്തിച്ചേരാനായി യാത്രാവിവരങ്ങൾ അന്വേഷിച്ച തന്നെ മുജീബ് റഹ്മാൻ അപമാനിച്ച വിവരം ടി.എസ്. ശ്യാംകുമാർ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം ഫെബ്രുവരി 24, 25 തീയതികളിൽ നടക്കുന്ന സെമിനാറിലേക്ക് പ്രബന്ധം അവതരിപ്പിക്കാനാണ് പ്രഫ. മുജീബ് റഹ്മാൻ ശ്യാം കുമാറിനെ ക്ഷണിച്ചത്. ഫെബ്രുവരി മൂന്നാം തീയതി സെമിനാറിന്റെ നോട്ടീസ് വാട്സ് ആപ്പിൽ അയക്കുകയും ചെയ്തു. അതു കഴിഞ്ഞ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോഴാണ് യാത്രാവിവരങ്ങളെ കുറിച്ച് ശ്യാം കുമാർ അന്വേഷിച്ചത്. അതിന് ​'വേണമെങ്കിൽ സെമിനാറിൽ പ​ങ്കെടുക്കൂ​' എന്നായിരുന്നു മുജീബ് റഹ്മാന്റെ മറുപടി. ​'ഏതു കൊലകൊമ്പനായാലും ഇങ്ങനെ മാത്രമേ പെരുമാറുകയുള്ളൂവെന്നും​' പറഞ്ഞുവെന്നും ശ്യാം കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മുജീബുറഹ്‌മാന്‍റെ കുറിപ്പിന്‍റെ പൂർണരൂപം

കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗത്തിൽ ഫെബ്രുവരി 24, 25 തീയതികളിൽ നടന്ന ഒരു ദേശീയ സെമിനാറിൻ്റെ സംഘാടകനെന്ന നിലയിൽ ഡോ. ടി. എസ്. ശ്യാംകുമാറിനെ പ്രഭാഷകനായി ഞാൻ ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഫോൺ സംഭാഷണ മധ്യേ ഞാൻ ഉപയോഗിച്ച ചില വാക്കുകൾ അനാദരവ് നിറഞ്ഞതും അദ്ദേഹത്തെ വേദനിപ്പിക്കുന്നതുമായിരുന്നു എന്നു മനസ്സിലാക്കുന്നു. ആ പദപ്രയോഗങ്ങൾ ഉപയോഗിക്കുവാൻ പാടില്ലാത്തതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഇതു കാരണം ഡോ. ടി എസ് ശ്യാംകുമാറിനും ബന്ധപ്പെട്ടവർക്കും ഉണ്ടായ പ്രയാസത്തിന് ഞാൻ നിർവ്യാജമായ ക്ഷമാപണം നടത്തുന്നു.

തുറന്ന മനസ്സാലെയുള്ള ഈ ക്ഷമാപണം സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ ചർച്ചകളും എല്ലാവരും അവസാനിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയും ചെയ്യുന്നു...

Tags:    
News Summary - Mujeeburahman apologizes for insulting T S Shyamkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.