കോഴിക്കോട്: കൂടരഞ്ഞി സ്വദേശി മുഹമ്മദിന്‍റെ വെളിപ്പെടുത്തൽ സത്യമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 1986ൽ കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ തന്നെയാണെന്ന് തിരുവമ്പാടി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതക വിവരങ്ങൾ കഴിഞ്ഞ വർഷമാണ് പ്രതി മുഹമ്മദ് തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. പക്ഷേ, അന്ന് കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് താൻ രണ്ടുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് മുഹമ്മദലി 2025 ജൂലൈയിൽ വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലിയാണ് 14ാം വയസ്സിൽ താൻ ചെയ്ത പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവൻ നഷ്ടമായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയാറാക്കി.
പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയാറാക്കിയത്. രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. തിരുവമ്പാടി പൊലീസാണ് രേഖാചിത്രം തയാറാക്കിയത്. 1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. തിരുവമ്പാടി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം തുടങ്ങി. 1986ൽ കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനൻ ആണെന്നാണ് തിരുവമ്പാടി പൊലീസിന്റെ അന്വേഷണത്തിൽ ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
മുഹമ്മദലി കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടാമത്തെ ആൾ ആരാണെന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്. കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് പിന്നീട് മുഹമ്മദലി ആയി മാറിയത്. 14ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ നൽകിയ ഒരു മൊഴി. 1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിരുന്നു.
കൂടരഞ്ഞിയിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു മുഹമ്മദലിയുടെ മൊഴി. പ്രതിരോധിക്കുന്നതിനിടയിൽ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുകയും തുടർന്ന് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലീസ് 1980കളുടെ മധ്യത്തിൽ മലബാർ മേഖലയിൽനിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനനാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇയാളെക്കുറിച്ച് വർഷങ്ങളായി ബന്ധുക്കൾക്ക് യാതൊരു വിവരവും ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.