നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

ആലുവ: സിനിമ താരവും ടെലിവിഷൻ അവതാരകയും മിമിക്രി ആർട്ടിസ്റ്റുമായ സുബി സുരേഷ് (41) അന്തരിച്ചു. രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ജനുവരി 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാനിരിക്കെയാണ് സുബിയുടെ വേർപാട് സംഭവിച്ചത്.

Full View

ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് 10 മണി മുതൽ 3 വരെ വാരാപ്പുഴ പുത്തൻപ്പള്ളി ഹാളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

 'കുട്ടിപ്പട്ടാളം' എന്ന കുട്ടികളുടെ ഷോയിൽ സുബി സുരേഷ്

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായി ജനനം. തൃപ്പൂണിത്തുറ ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിലും എറണാകുളം സെന്‍റ് തെരേസാസ് സ്കൂളിലും കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് ബ്രേക്ക് ഡാൻസ് ചെയ്തിരുന്നു. 


എറണാകുളം ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിൽ പഠിക്കവെ ജില്ലയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ വെങ്കല മെഡലും മികച്ച എൻ.സി.സി കേഡറ്റിനുള്ള ട്രോഫിയും സുബി നേടിയിട്ടുണ്ട്. മിനി സ്ക്രീനിൽ നിരവധി കോമഡി പരിപാടികൾ ചെയ്ത സുബി, ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന ജനപ്രിയ കോമഡി പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 


വനിതാ സാന്നിധ്യം വളരെ കുറവുള്ള മിമിക്രി രംഗത്തു കൂടിയാണ് സുബി സുരേഷ് കലാരംഗത്തേക്ക് കടന്നുവന്നത്. നിരവധി വേദികളിൽ തിളങ്ങി ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി രംഗത്ത് മുൻപന്തിയിലെത്തി. പിന്നീട് ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും ഒഴിവാക്കാൻ സാധിക്കാത്ത കലാകാരിയായി സുബി മാറി.


വിദേശ രാജ്യങ്ങളിൽ നിരവധി സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ 'കുട്ടിപ്പട്ടാളം' എന്ന കുട്ടികളുടെ ഷോ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടി കൊടുത്തു.

സുബി സുരേഷ് കുടുംബത്തോടൊപ്പം

2006ൽ രാജസേനൻ സംവിധാനം ചെയ്ത 'കനകസിംഹാസനം' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, ഡിറ്റക്ടീവ്, ഡോൾസ്, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, കില്ലാഡി രാമർ, ലക്കി ജോക്കേഴ്സ്, അടക്കം 20ലധികം സിനിമകളിൽ അഭിനയിച്ചു. അടുത്ത കാലത്ത് യുട്യൂബ് ചാനലിൽ സജീവമായിരുന്നു.

കൊച്ചി വാരാപ്പുഴക്കടുത്ത് കുനമ്മാവിലായിരുന്നു താമസം. അവിവാഹിതയായിരുന്നു. എബി സുരേഷ് സഹോദരനാണ്.

Tags:    
News Summary - Film and television actor Subi Suresh passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.