തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതലയിൽ കാലാവധി കാലാവധി നീട്ടിനൽകാൻ നീക്കം. മേയ് 31ന് കാലാവധി അവസാനിച്ച അരുൺകുമാറിന്റെ നിയമനം ചോദ്യംചെയ്തുള്ള ഹരജിയിൽ അരുൺകുമാറുൾപ്പെടെ, ഡയറക്ടർ തസ്തികക്കുള്ള ഇൻറർവ്യൂവിൽ പങ്കെടുത്ത ആർക്കും നിശ്ചിത യോഗ്യതയില്ലെന്ന് സർക്കാർ തന്നെ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
അധ്യാപന പരിചയമില്ലാത്ത അരുൺകുമാറിന് ജോയന്റ് ഡയറക്ടറായും അഡീഷനൽ ഡയറക്ടറായും നിയമനം നൽകിയത് തന്നെ വിവാദമായിരിക്കെയാണ് ഡയറക്ടറുടെ പൂർണ ചുമതല നൽകിയത്.
എ.ഐ.സി.ടി.ഇ വ്യവസ്ഥപ്രകാരം എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും, 15 വർഷത്തെ അധ്യാപന പരിചയവും, പിഎച്ച്.ഡി.യും, രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയവും യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളപ്പോഴാണ് അധ്യാപന പരിചയം ഇല്ലാത്ത, എൻജിനീയറിങ് ബിരുദത്തിന് പകരം എം.സി.എ ബിരുദധാരിയായ അരുൺകുമാറിനെ അഡീ. ഡയറക്ടറായി നിയമിച്ച് ഡയറക്ടറുടെ ചുമതല നൽകിയത്. ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യത അരുൺകുമാറിനില്ലെന്ന് എ.ഐ.സി.ടി.ഇയും സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
ഐ.എച്ച്.ആർ.ഡിയിൽ പെൻഷൻ പ്രായം 60 ആയി ഉയർത്താൻ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.