കോഴിക്കോട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സർവറും പരിവാഹൻ വെബ്സൈറ്റും തമ്മിലെ ലിങ്ക് പുനഃസ്ഥാപിക്കാത്തത് ബോർഡ് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. ബോർഡ് സർവറും പരിവാഹൻ വെബ്സൈറ്റുമായുള്ള ബന്ധം വിച്ഛേദിക്കുകയും ക്ഷേമനിധിവിഹിതം അടക്കാതെ വാഹന ഉടമകളിൽനിന്ന് നികുതി ഈടാക്കുകയും ചെയ്തുതുടങ്ങിയോടെ ഒമ്പത് മാസത്തിനിടെ 87.23 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബോർഡിന് ഉണ്ടായത്. 2022 ജനുവരി മുതൽ ഡിസംബർ വരെ 113.77 കോടി രൂപ ഉടമ -തൊഴിലാളിവിഹിതമായി ബോർഡിന് ലഭിച്ചിരുന്നു.
2005ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് തൊഴിലാളികളുടെ സുരക്ഷക്കായി 1985ലെ കേരള ട്രാൻസ്പോർട്ട് മോട്ടോർ തൊഴിലാളിനിയമം ഭേദഗതി വരുത്തി, വാഹനനികുതി അടക്കുന്നതിന് മുമ്പ് തൊട്ടുമാസം വരെയുള്ള ക്ഷേമനിധി അംശാദായ വിഹിതം അടച്ച രസീതി ഹാജരാക്കണമെന്ന നിർദേശം വന്നത്.
കഴിഞ്ഞ ജനുവരി 13ന് സർവർ പണിമുടക്കിയപ്പോൾ നികുതി അടവ് മുടങ്ങാതിരിക്കാൻ ക്ഷേമനിധി സർവറും പരിവാഹൻ സൈറ്റുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇതോടെ ക്ഷേമനിധി വിഹിതം അടവ് മുടങ്ങി. അഞ്ചുമാസമെടുത്ത് സർവർ തകരാർ പരിഹരിച്ചെങ്കിലും പരിവാഹൻ സൈറ്റുമായി ബന്ധിക്കാൻ കഴിഞ്ഞിട്ടില്ല.
പരിവാഹൻ സൈറ്റുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് നാഷനൽ ഇൻഫർമാറ്റിക് സെന്റർ വെച്ച ഉപാധികൾ പാലിക്കാൻ ബോർഡ് നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ബോർഡിന്റെ വെബ്സൈറ്റിന് സെക്യൂരിറ്റി ഓഡിറ്റിങ് നടത്തി ക്ലിയറൻസ് ഉറപ്പാക്കണം. എന്നാൽ, 10 വർഷത്തിലധികം പഴക്കമുള്ള സോഫ്റ്റ് വെയറിന് സെക്യൂരിറ്റി ഓഡിറ്റിങ്ങിന് ക്ലിയറൻസ് ലഭിക്കില്ല. പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് സി-ഡിറ്റിന് നിർദേശം നൽകുകയും സർക്കാറിന് മുന്നിൽ ഇത് സമർപ്പിക്കുകയും ചെയ്തെങ്കിലും അന്തിമ അനുമതി ലഭിച്ചിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ മാസങ്ങളെടുക്കും.
നിലവിൽ നിക്ഷേപത്തിന്റെ പലിശ വരുമാനത്തിൽനിന്നാണ് ബോർഡ് പ്രവർത്തനങ്ങൾ മുന്നോട്ടുപോവുന്നത്. തൽസ്ഥിതി ആറു മാസംകൂടി തുടർന്നാൽ ബോർഡ് പ്രവർത്തനം നിലക്കുന്ന അവസ്ഥയാണെന്ന് ബോർഡ് പ്രതിനിധികൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പുതിയ സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പരിവാഹൻ സൈറ്റുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതോടെ നിലവിൽ ക്ഷേമനിധി കുടിശ്ശിക പലിശ സഹിതം ഈടാക്കുമെന്നും ക്ഷേമനിധി ഓഫിസിൽനിന്ന് അറിയിച്ചു.
ലക്ഷക്കണക്കിന് ആളുകൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകിക്കൊണ്ടിരിക്കുന്ന ബോർഡിനെ തകർക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ല പ്രസിഡന്റ് കെ. ഷാജി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.