പോകുകയാണെന്നും മരിച്ചാൽ എന്തൊക്കെ ചെയ്യണമെന്നും ബന്ധുവിനെ വിളിച്ച് പറഞ്ഞു; മുറിയിലെ ഫാനുകൾ ഇളക്കി മാറ്റിവെച്ചു

കൊട്ടിയം (കൊല്ലം): വീടിനുള്ളിൽ മാതാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തൃക്കോവിൽവട്ടം പഞ്ചായത്തിലെ തഴുത്തല പി.കെ ജങ്​ഷന് സമീപം എസ്.ആർ മൻസിലിൽ നസിയത്ത് (53), ഇവരുടെ ഏക മകൻ ഷാൻ (33) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഷാനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും നസിയത്തിനെ മറ്റൊരു മുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. നസിയത്തും തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പൊലീസിന് മുറിക്കുള്ളിൽ നിന്നും ലഭിച്ചിട്ടുണ്ട്. മുറികളിലുണ്ടായിരുന്ന ഫാനുകൾ ഇളക്കി മാറ്റിവെച്ച നിലയിലായിരുന്നു. മരിച്ചനിലയിൽ കാണപ്പെട്ട ഉമ്മയും മകനും ഉമ്മയുടെ സഹോദരിയുടെ മകളെ ഫോണിൽ വിളിച്ച് തങ്ങൾ പോകുകയാണെന്നും മരിച്ചാൽ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞിരുന്നു. ഫോൺ സന്ദേശം ലഭിച്ചയുടൻ തന്നെ ഇവർ ബന്ധുക്കളെ വിവരം അറിയിക്കുകയും അവരെത്തി അയൽക്കാരോട് തിരക്കിയശേഷം വീടിന്‍റെ കതക് തുറന്നുനോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. നസിയത്തിന്‍റെ കഴുത്തിലും കയറുണ്ടായിരുന്നതായി പറയുന്നു. ഇരുവരും ചേർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

സംഭവമറിഞ്ഞ് ചാത്തന്നൂർ എ.സി.പിയുടെയും ചാത്തന്നൂർ എസ്.എച്ച്.ഒയുടെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക്, സയൻറിഫിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അടുത്തകാലം വരെ കണ്ണനല്ലൂരിലെ ഒരു ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു ഷാൻ. മാതാവും വേറൊരു കടയിലെ ജീവനക്കാരിയായിരുന്നു. വർക്കല പാളയംകുന്ന് സ്വദേശികളായ ഇവർ ഏതാനും വർഷംമുമ്പാണ് ഇവിടെ താമസമാക്കിയത്. ഷാന്‍റെ പിതാവ് ഇവരെ ഉപേക്ഷിച്ചുപോയതാണെന്ന്​ പറയുന്നു.

റജീനയാണ്​ ഷാന്‍റെ ഭാര്യ. രണ്ടുദിവസം മുമ്പുണ്ടായ ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. തനിക്ക്​ സുഖമില്ലെന്ന് പറഞ്ഞ്​ ഭാര്യാമാതാവ്​ ഷീജയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാൻ, ഒരു കാരണവുമില്ലാതെ ഭാര്യ റെജീനയെയും ഷീജയെയും മർദിച്ചു. ഇതിനുശേഷം സ്വന്തം വീട്ടിലേക്ക് പോയ റെജീന കൊട്ടിയം പൊലീസിൽ പരാതി നൽകി. ഷാനിനെ പൊലീസ് ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മാതാവ് നസിയത്തിനോട് വിവരം പറഞ്ഞിരുന്നു. ഇതിലെ മാനക്കേട് ഭയന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

ഷാൻ സ്വന്തം സഹോദരിയെ സ്ഥിരമായി മർദിച്ചിരുന്നതായും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആളായിരുന്നുവെന്നും റജീനയുടെ സഹോദരൻ പറഞ്ഞു

Tags:    
News Summary - mother and son detah in Kottiyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.