യുവതിയുടെ ജീവിത പങ്കാളി അഖിൽദാസ്, പിതാവ് ദാസ്, മന്ത്രവാദി ശിവദാസ്
കോട്ടയം: തിരുവഞ്ചൂരിൽ ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം നേരിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ പൊള്ളലേല്‍പ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ഒപ്പം ബീഡി വലിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ നവംബർ രണ്ടിന് നടന്ന സംഭവത്തിൽ മന്ത്രവാദി പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി- 54), യുവതിയുടെ ജീവിത പങ്കാളി തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയക്കിടെ യുവതിയുടെ മുടിയിൽ ആണി ചുറ്റി മന്ത്രവാദി തടിയിൽ തറച്ചു. ഇതോടെ മുടി മുറിഞ്ഞുപോയതായി യുവതി പറയുന്നു. മദ്യം നൽകിയശേഷം ബീഡി വലിപ്പിച്ചു. പിന്നീട് ശരീരം പൊള്ളിച്ചതോടെ ബോധരഹിതയായതായും യുവതി പറഞ്ഞു.
കോട്ടയം നാഗമ്പടം സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ മൂന്ന് വർഷമായി അഖിലുമായി ഇഷ്ടത്തിലായിരുന്നു. ഇരു വീട്ടുകാർക്കും വിവാഹത്തിന് താൽപര്യക്കുറവില്ലായിരുന്നുവെങ്കിലും മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം ദോഷമുണ്ടെന്ന് പറഞ്ഞ് വിവാഹം നീട്ടിവെച്ചു. എന്നാൽ, വീട്ടുകാരുടെ സമ്മതത്തോടെ യുവതിയെ കഴിഞ്ഞ സെപ്റ്റംബറിൽ അഖിലിന്റെ മണർകാട് നാലു മണിക്കാറ്റിന് സമീപമുള്ള വീട്ടിൽ കൊണ്ടു വന്നു. അടുത്ത ദിവസം വിവാഹം രജിസ്റ്റർ ചെയ്യാനാരിക്കെയാണ് അമ്മയുടെ സഹോദരിയുടെ അടക്കം എട്ട് ദുരാത്മാക്കൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയ നടത്തിയതായി പറയുന്നത്. യുവതിയുടെ പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്.
ഉച്ചത്തിൽ പാട്ട് വെച്ച ശേഷമായിരുന്നു മന്ത്രവാദം. ഈ സമയം വീട്ടിലുണ്ടായിരുന്ന അഖിൽ ദാസിന്റെ സഹോദരി പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്ത് പരിശോധിച്ചു. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവ് കേസിൽ പ്രതിയാണെങ്കിലും ഒളിവിലാണ്. അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.