ഭൂമി കൈയേറ്റക്കാരെ ഭയന്ന് അട്ടപ്പാടിയിലെ മൂലഗംഗൽ ആദിവാസി ഊര്

കോഴിക്കോട്: അട്ടപ്പാടി ഷോളിയൂർ വില്ലേജിലെ മൂലഗംഗൽ ആദിവാസി ഊരിനെക്കുറിച്ചുള്ള വാർത്തകൾ വന്നു തുടങ്ങിയത് എം.കെ. ബാലൻ മന്ത്രിയായിരിക്കെ തിരുവോണം ഉണ്ണാൻ അവിടെയെത്തിയതോടെയാണ്. മൂലഗംഗൽ വരെ റോഡ് നിർമിച്ചതും എ.കെ ബാലൻ മന്ത്രിയായിരുന്നപ്പോഴാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഊരിലെത്തിയത് ഭൂമി കൈയേറ്റക്കാരുടെ സംഘമാണ്. ഊരിലെ ആദിവാസികളെ ഭയപ്പെടുത്തി ഭൂമി തട്ടിയെടുക്കാൻ പുറത്തുനിന്നുള്ളവർ എത്തിയത് ചൂണ്ടക്കാട്ടി ആദിവാസികൾ ഡി.ജി.പിക്ക് പരാതി നൽകിയെന്ന് ഊരിലെ നഞ്ചി ‘മാധ്യമം ഓൺ ലൈനോ’ട് പറഞ്ഞു.


സർക്കാർ പദ്ധതിയിൽ ആദിവാസികൾക്ക് നിർമിച്ച് നൽകിയ വീടുകൾ പൊളിച്ചു നീക്കുമെന്നും കൂടിയിറക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടാണ് സംഘം മടങ്ങിയത്. ചില ഇടനിലക്കാരെത്തി ആദിവാസികളോട് കുറച്ചു പണം തരാം എന്ന വാഗദാനവും നൽകിയെന്നാണ് നഞ്ചി പറയുന്നത്. അവർ സംഘമായി ഏതു സമയവും ഊരിലേക്ക് കടന്നുവരാം. ആദിവാസികൾ നിലവിൽ കൃഷി ചെയ്യുന്ന ഭൂമിയിൽ അവർക്ക് ആദാരമുണ്ടെന്നാണ് ഇടനിലക്കാർ പറയുന്നത്.

പട്ടികവർഗ വകുപ്പ് സർക്കാർ ആദിവാസികൾക്ക് അനുവദിച്ച വീടുകളിലാണ് ഇപ്പോഴും താമസിക്കുന്നത്. ആ വീട് ഉൾപ്പെടെ പൊളിച്ച് നീക്കുവാനുള്ള അനുമതിപത്രം തങ്ങളുടെ കൈയിൽ ഉണ്ടെന്നാണ് ഭൂമി കയ്യേറാൻ എത്തിയവരുടെ ഭീഷണി. എന്താണ് സംഭവിക്കുന്നതെന്ന് ആദിവാസികൾക്ക് ആദിവാസികൾക്ക് അറിയില്ല. മൂലലംഗൽ ഊരിലെ ആദിവാസികൾ ഡി.ജി.പിക്ക് പരാതി നൽകി. നിരവധി പേർ വ്യാജരേഖകൾ ഉണ്ടാക്കി ആദിവാസികളുടെ ഭൂമി കൈയേറുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടത്. ചാലക്കുടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രസ്റ്റും, കോയമ്പത്തൂർ താമസമാക്കിയ ചിലരുമാണ് മൂലഗംഗൽ പ്രദേശത്തെ പുതിയ കൈയറ്റക്കാരെന്നാണ് പരാതിയിൽ പറയുന്നത്.


മൂലഗംഗലിൽ 75 ആദിവാസി കുടുംബങ്ങൾ സ്ഥിരതാമസക്കാരായുണ്ട്. സർക്കാരും പട്ടികവർഗ വകുപ്പും പലപ്പോഴായി നിർമിച്ച നൽകിയ വീടുകളിലാണ് ആദിവാസികൾ താമസിക്കുന്നത്. കുടുംബപരമായി കൃഷി ചെയ്യുന്ന ഭൂമികളാണ് ഇപ്പോൾ കൈയേറുന്നത്. വില്ലേജ്- താലൂക്ക് ഓഫീസുകളിൽ നിന്ന് ഭൂമി കൈയേറ്റക്കാർക്ക് കള്ള രേഖകൾ ഉണ്ടാക്കി നൽകുന്നുണ്ടെന്നും ആദിവാസികൾക്ക് ആക്ഷേപമുണ്ട്.

റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഒരേ ഭൂമിക്ക് ഒന്നിലദികം പേർക്ക് വ്യാജരേഖയുണ്ടാക്കാൻ കഴിയുന്നത്. 2006 ലെ വനാവകാശ നിയമമനുസരിച്ച് ആദിവാസികൾക്ക് നൽകിയ ഭൂമിയും കൈയേറിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. സർക്കാർ മണ്ണ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി ആദിവാസി ഭൂമിയിൽ പദ്ധതികൾ നടപ്പാക്കിയിരുന്നു. പരിസ്ഥിതി പുനസ്ഥാപന പദ്ധതികളും മൂലഗംഗലിൽ അഹാഡ്സ് നടപ്പാക്കിയിരുന്നു.

അട്ടപ്പാടിയുമായി യാതൊരു ബന്ധവുമില്ലാത്തവർ അഗ്രി ഫാമുകളുടെയും വിവധ ട്രസ്റ്റുകളുടെയും പേരിലാണ് ഭൂരേഖകളുണ്ടാക്കുന്നത്. മൂലഗംഗലിലെ ആദിവാസികൾക്ക് സ്വന്തം പൂർവികരുടെ ഭൂമികളിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആദിവാസി ഭൂമി കൈയേറ്റത്തിനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മൂലഗംഗലിലെ നഞ്ചി, രങ്കൻ, ലക്ഷ്മണൻ, രാമൻ, സെൽവൻ, മൈല, ശിവൻ, ലക്ഷമി തുടങ്ങിയവരാണ് ഡി.ജി.പിക്കും പാലക്കാട് കലക്ടർക്കും ഒറ്റപ്പാലും സബ് കലക്ടർക്കും പരാതി നൽകിയത്. 

Tags:    
News Summary - Moolagangal Adivasi Ur of Attappadi fearing encroachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.