കോഴിക്കോട്: സ്ത്രീകളിലെ മൂഡ് സിങ്സിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ വിശദീകരണവുമായി രംഗത്ത്. വിമർശനങ്ങളോട് ഒരു പരിഭവവുമില്ലെന്നും വിമർശനങ്ങളിൽ ചിലതിൽ കഴമ്പുണ്ടെന്നും അത് ഉൾകൊള്ളുന്നുവെന്നും അഭിഷാദ് പറഞ്ഞു.
തമാശയായി അവതരിപ്പിച്ചതിനെയാണ് പലരും ചൂണ്ടിക്കാണിച്ചത്. മൂഡ് സ്വിങ്സ് തമാശയാക്കേണ്ട വിഷയമല്ല എന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
കാര്യങ്ങൾ തമാശ രൂപേണ അവതരിപ്പിക്കുന്നതാണ് തന്റെ ക്ലാസിന്റെ രീതി. സ്ത്രീകൾക്ക് മൂഡ് സ്വിങ്സിന് കിട്ടുന്ന അതേ സപ്പോർട്ടും ചേർത്ത് പിടിക്കലും പുരുഷന്മാർക്കും ആവശ്യമുണ്ട് എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, അത് തമാശയിൽ അവതരിപ്പിച്ചപ്പോഴാണ് തെറ്റിധാരണ ഉണ്ടായതെന്നും അഭിഷാദ് പറഞ്ഞു. പലരും വിഡിയോ മുഴുവനായി കണാതെയാണ് വിമർശിക്കുന്നത്. മുഴുവൻ കണ്ടവർക്ക് അത് ബോധ്യമാകും. ആളുകളെ പ്രചോദിപ്പിക്കുന്ന ഉദ്യമം തുടരുമെന്നും അഭിഷാദ് ഗുരുവായൂർ കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഒരു മോട്ടിവേഷൻ ക്ലാസിലാണ് അഭിഷാദിന്റെ വിവാദ പരാമർശം ഉണ്ടാകുന്നത്. ''സ്ത്രീകൾക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാർക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇ.എം.ഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം'' അഭിഷാദ് പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിഷാദിനെതിരെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.