സംസ്ഥാനത്ത് അഞ്ചു ദിവസത്തിനുള്ളിൽ കാലവർഷമെത്തും; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസത്തിനുള്ളിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാലു ജില്ലകളിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്.

ശക്തമായ കാറ്റിനും ഇടിക്കും സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത്. വടക്കൻ ജില്ലകളിൽ മിക്കയിടത്തും മഴ കനത്തു. കോഴിക്കോട്, കോട്ടയം ജില്ലകളിൽ മലയോരമേഖലയിൽ മഴ തുടരുകയാണ്.

തെക്കൻ അറബിക്കടൽ, മാലദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിന്റെ സ്വാധീനഫലമായി മഴ കനക്കാനാണ് സാധ്യത.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മേയ് 21ഓടെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് 22ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Tags:    
News Summary - Monsoon to arrive in the state in five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.