മഴക്കാല സുരക്ഷ:തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം അനുവദിക്കും

തിരുവനന്തപുരം: മഴക്കാല ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങാനും അപകടങ്ങളുണ്ടായാൽ സമയനഷ്ടം കൂടാതെ പ്രാദേശികമായി രക്ഷാപ്രവർത്തനം നടത്താനും തദ്ദേശസ്ഥാപനങ്ങൾക്ക് തുക അനുവദിക്കാൻ സർക്കാർ തീരുമാനം.

ഗ്രാമപഞ്ചായത്തുകൾക്ക് ഒരുലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്നുലക്ഷവും കോർപറേഷന് അഞ്ചു ലക്ഷം വരെയും ജില്ല ദുരന്തനിവാരണ അതോറിറ്റിയിൽനിന്നാണ് അനുവദിക്കുക.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങാനും സംഭരണകേന്ദ്രം ആരംഭിക്കാനുമാണ് ഈ തുക വിനിയോഗിക്കേണ്ടത്. മഴക്കാല തയാറെടുപ്പ് ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

തീരുമാനങ്ങൾ, നിർദേശങ്ങൾ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുസ്ഥലമോ കെട്ടിടമോ കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വാങ്ങിയോ മഴക്കാലത്തേക്ക് വാടകക്കെടുത്തോ ശേഖരിക്കുകയും ചെയ്യണം.

ആപതാമിത്ര, സിവിൽ ഡിഫൻസ് പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെ അഗ്‌നിരക്ഷാ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കും.

കേന്ദ്രത്തിന്‍റെ ദൈനംദിന മേൽനോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും.

കൂടുതൽ ഉപകരണങ്ങൾ ആവശ്യമായിവന്നാൽ തദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ സ്വരൂപിക്കണം. ഉപകരണങ്ങൾ വാങ്ങുന്നെങ്കിൽ മഴക്കാലത്തിനുശേഷം അഗ്നിരക്ഷാവകുപ്പിന്‍റെ മേൽനോട്ടത്തിൽ പുനരുപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കണം.

ക്യാമ്പുകളിൽ ശൗചാലയങ്ങൾ, വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലയിൽ ബോധവത്കരണ കാമ്പയിനും പരിശീലനവും നൽകണം.

ആളുകൾ ക്ക് അപകടസാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയം മാറാൻ സാധിക്കുന്ന തരത്തിൽ പരിശീലനം നൽകണം.

മഴക്കാല തയാറെടുപ്പ് ഊർജിതമാക്കണം.

Tags:    
News Summary - Monsoon security: For local institutions Assistance will be granted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.