തിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴക്ക് ബുധനാഴ്ച നേരിയ ശമനം. എന്നാൽ, വിവിധ ജില്ലകളിലെ മഴക്കെടുതി മാറിയിട്ടില്ല. ബുധനാഴ്ച മാത്രം വിവിധ ഇടങ്ങളിലായി 13 പേർ മരിച്ചു. കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിൽ രണ്ടു പേർ വീതവും പത്തനംതിട്ടയിൽ ഒരാളുമാണ് മരിച്ചത്. ഒരാളെ ആറ്റിൽ കാണാതായി. കഴിഞ്ഞ ദിവസം കനത്ത മഴയിൽ ജനജീവിതം നിശ്ചലമായ േകാട്ടയം ജില്ലയിലുൾപ്പെടെ മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ, ഞായറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്.
ഏഴു സെ.മീ. മുതൽ ശക്തമോ 12-20 സെ.മീ. വരെ അതിശക്തമോ ആയ മഴസാധ്യതയാണ് പ്രവചിക്കുന്നത്. റെയിൽ ഗതാഗതം സാധാരണ നിലയിലാകാൻ സമയമെടുക്കും. മീനച്ചിലാറ്റിെല ജലനിരപ്പ് ഉയർന്നതോടെ കോട്ടയം പാതയിലൂടെയുള്ള ട്രെയിനുകൾക്ക് ഏർപ്പെടുത്തിയ വേഗനിയന്ത്രണം ബുധനാഴ്ചയും തുടർന്നു. ബുധനാഴ്ച പാസഞ്ചറുകൾ അടക്കം 10 ട്രെയിനുകൾ റദ്ദാക്കി. മഴ കാരണം വിവിധ ജില്ലകളിലെ വിവിധ താലൂക്കുകളിൽ വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. എം.ജി സർവകലാശാല പരീക്ഷകളും മാറ്റി. ബുധനാഴ്ച കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂർ ജില്ലകളിൽ രണ്ടു പേർ വീതവും തൃശൂരിലും പത്തനംതിട്ടയിലും ഒാരോരുത്തരുമാണ് മരിച്ചത്.
എറണാകുളം ചിലവന്നൂരിൽ കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി വൈറ്റില അമ്പേലിപ്പാടം റോഡിൽ പുളിക്കത്തുണ്ടിയിൽ സുബ്രഹ്മണ്യനും (46) മൂവാറ്റുപുഴക്കു സമീപം വാളകം കുന്നുകാൽകരയിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് ആട്ടംമോളേൽ കുഞ്ചു തമ്പിയുമാണ് മരിച്ചത്. കൊല്ലത്ത് ശാസ്താംകോട്ടയിൽ മഴവെള്ളം കെട്ടിനിന്ന റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ കരുനാഗപ്പള്ളി വടക്കുംതല കൊല്ലക കന്നിമൂല വീട്ടിൽ ജലാലുദ്ദീൻ കുഞ്ഞ് (65) ചികിത്സയിലിരിക്കെ മരിച്ചു. ഭർത്താവുമൊത്ത് നടന്നുപോകവെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് കാരാളിമുക്ക് നെടുംതറയിൽ വീട്ടിൽ നളിനി (73) മരിച്ചു.
കടലേറ്റം രൂക്ഷമായ തൃശൂരിൽ പുല്ലഴി കോള്‍പാടത്തെ കെ.എൽ.ഡി.സി ബണ്ട് കനാലില്‍ കാൽവഴുതിവീണ സോഫ്റ്റ്വെയര് എൻജിനീയർമാരായ രണ്ടു യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഒരാളെ രക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഷൊര്‍ണൂര്‍ കുന്നത്തുവീട്ടില്‍ ബാലചന്ദ്രെൻറ മകന് ബിജോയിയാണ് (24) മരിച്ചത്. എം.ജി റോഡിലെ ഐ.ടി സ്ഥാപനമായ എ.ടി.ഇ.ഇ.എസിൽ എൻജിനീയറാണ് ബിജോയി. കണ്ണൂർ തളിപ്പറമ്പിൽ മാതാവിെൻറ ബന്ധുവീട്ടിൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പെരിങ്ങോം അരവഞ്ചാലിലെ ചെറുവത്തൂർ വീട്ടിൽ രമേശെൻറയും വടക്കെവീട്ടിൽ ഷീബയുടെയും മകൻ അതുൽ രമേശ് (14) കുളത്തിൽ മുങ്ങിമരിച്ചു. ചെറുപുഴ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ്. ആലക്കോട് പുല്ലരിയാൻ പോയ വീട്ടമ്മ കാപ്പിമല ഫർലോംഗരയിലെ ചക്കാലയ്ക്കൽ തങ്കച്ചെൻറ ഭാര്യ എൽസി (50) വെള്ളക്കെട്ടിൽ വീണു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.