തിരുവനന്തപുരം: ജൂൺ ആദ്യംതന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദക്ഷിണേന്ത്യയിൽ ഇപ്പോൾ ലഭിക്കുന്ന വേനൽമഴയും ഇടിമിന്നലും മൺസൂൺ കൃത്യസമയത്തുണ്ടാകുമെന്നതിന്റെ സൂചനയായി കാലാവസ്ഥ നിരീക്ഷകർ കണക്കാക്കുന്നു.
കാലവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് നിലവിൽ കേരളത്തിലും തമിഴ്നാട്ടിലും ലഭിക്കുന്നത്. ആസ്ട്രേലിയയിലെ മഴക്കാലം കൃത്യമായി അവസാനിച്ചതും വേനൽക്കാലം തുടങ്ങിയതും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് അനുകൂലമായി. ആസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മഴക്കാറ്റുകളുടെ പ്രവാഹത്തിന് വഴിയൊരുക്കും.
അടുത്ത ഏഴ് ദിവസങ്ങളിൽ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ മഴ തുടരും. ഭൂമധ്യരേഖക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂൺ ആദ്യവാരംതന്നെ കേരളത്തിൽ മഴ എത്താൻ സാധ്യതയുണ്ട്. ആസ്ട്രേലിയയിൽ മഴ അവസാനിക്കുന്നതോടെ മഴവലയം സമുദ്രത്തിൽനിന്നുള്ള ഈർപ്പമുള്ള കാറ്റിനെ ദക്ഷിണേഷ്യയിലേക്ക് എത്തിക്കും. നിലവിൽ ഈ വലയം ഭൂമധ്യരേഖ കടന്ന് മാലിദ്വീപിന് സമീപമെത്തിയെന്നും വരുംദിവസങ്ങളിൽ ശ്രീലങ്കയിലേക്കും ആൻഡമാനിലേക്കും നീങ്ങുമെന്നുമാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.