തിരുവനന്തപുരം: കാലവർഷം എത്തിയതിനു തൊട്ടുമുമ്പായി സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടം. 16 വർഷത്തിനു ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. എട്ടു ദിവസം മുന്നേ കാലവർഷം എത്തിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 2009 ലും 2001 ലും ആണ് സംസ്ഥാനത്ത് അവസാനമായി മൺസൂൺ ഇത്രയും നേരത്തെ എത്തിയത്, അന്ന് മേയ് 23 നായിരുന്നു കാലവർഷമെത്തിയത്.
ഇന്നലെ രാത്രിയിലും ഇന്നുമുണ്ടായ കാറ്റിലും മഴയിലുമാണ് പ്രധാനമായും നാശനഷ്ടങ്ങൾ ഉണ്ടായത്. കോട്ടയത്ത് മരം കട പുഴകി വെള്ളാനി സ്കൂളിന്റെ മേൽക്കൂര തകർന്നു. ഫർണിച്ചറും കുട്ടികളുടെ പുസ്തകങ്ങളും അടക്കം നശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും വീടുകൾക്കു മുകളിൽ മരം വീണു. കോട്ടയം ഈരാറ്റു പേട്ടയിൽ വീടിനു മുകളിൽ മരം വീണു വീടിനു കേടുപാടുകൾ പറ്റി. കണ്ണൂരിൽ പിണറായിയിൽ തെങ്ങു ദേഹത്തു വീണ് ബൈക്ക് യാത്രികനു ഗുരുതര പരിക്കേറ്റു. അട്ടപ്പാടിയിൽ വൈദ്യുതി ലൈൻ തകർന്നതിനു പിന്നാലെ 24 മണിക്കൂറിലധികമായി വൈദ്യതി നിലച്ചു. കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണിട്ടുണ്ട്. നെയ്യാറ്റിൻകരയിലും പുനലൂരിലും വീടിനു മുകളിൽ മരം വീണു.
തലസ്ഥാനത്ത് അടക്കം മരങ്ങൾ കടപുഴകി വീണു. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. കണ്ണൂർ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ചൂരൽ ഒയ്യോളത്ത് ചെങ്കൽപണയിൽ ലോറിയിൽ കല്ലു കയറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കയറ്റിറക്ക് തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ ബർമനാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ലോറിഡ്രൈവർ ജിതിൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണു. റിസർവ് ബാങ്കിന് മുമ്പിലും ആൽത്തറമൂട്ടിലും മരം കടപുഴകി റോഡിലേക്ക് വീണു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് സമീപം മരം വീണു പരിക്കേറ്റ കൊല്ലം സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. മുക്കോല ജംങ്ഷനിലും പനങ്ങോടിനും വെങ്ങാനൂരിനും മധ്യേ അംബേദ്കർ ഭാഗത്തും റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ മഴയിൽ തകർന്നു. പാർക്ക് ചെയ്തിരുന്ന മൂന്നു കാറുകൾക്ക് കേടുപാടുണ്ടായി. ആലപ്പുഴ എടത്വയിൽ മരം വീണ് വീട് തകർന്നു. നാശ നഷ്ടങ്ങൾ പ്രാദേശിക ഭരണകൂടം വിലയിരുത്തിക്കൊണ്ടിരിക്കയാണ്.
മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ട്രക്കിങ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.