വെറുതെയല്ല കനത്ത മഴ, കാലവർഷം ഇങ്ങനെയെത്തുന്നത് 16 വർഷത്തിനിടെ ആദ്യം; ഇത്തവണ സ്കൂൾ തുറക്കാൻ കാത്തുനിന്നില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) എത്തിയത് സാധാരണ എത്താറുള്ളതിലും എട്ട് ദിവസം മുമ്പ്. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം കേരള തീരത്ത് എത്തുന്നതായി കണക്കാക്കാറ്. കേരളത്തിലെത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് രാജ്യത്താകെ വ്യാപിക്കുകയാണ് ചെയ്യാറ്. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്.

സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. സാധാരണയിലും എട്ട് ദിവസം മുമ്പേ എത്തിയ കാലവർഷം 2009ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ്. 2009ൽ മേയ്‌ 23നായിരുന്നു കാലവർഷം എത്തിയത്. 1975ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത് 1990ലാണ്. അന്ന് 13 ദിവസം മുമ്പ് മേയ് 19നായിരുന്നു കാലവർഷം എത്തിയത്.

ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയിലും കൂടിയ അളവിൽ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാധാരണയിലധികം മഴ കിട്ടും. 105 ശതമാനംവരെ കൂടുതൽ മഴ ലഭിച്ചേക്കാം.

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായിത്തന്നെ കനത്ത മഴയാണ് അനുഭവപ്പെട്ടത്. കാലവർഷം എത്തിയതോടെ മഴയുടെ ശക്തിയും വർധിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിലും റെഡ് അലർട്ടാണ്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

മേയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

മേയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

മേയ് 27: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

മേയ് 28: കണ്ണൂർ, കാസർകോട്

എന്താണ് കാലവർഷം

കേരളത്തിന് പ്രധാനമായും രണ്ടു മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, അല്ലെങ്കില്‍ കാലവര്‍ഷം. ഇതിന് ഇടവപ്പാതി എന്നും പേരുണ്ട്. മലയാളം കലണ്ടറിലെ ഇടവ മാസത്തിന്റെ പകുതിയോടെയാണ് മഴ ശക്തിപ്പെടുക. അതാണീ പേര്. ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ കാലമായി - തുലാവര്‍ഷം എന്നുമിതിനെ വിളിക്കാം. മലയാളം കലണ്ടര്‍ അനുസരിച്ച് തുലാമാസത്തില്‍ ആകും ഈ മഴക്കാലം. ഇടവപ്പാതിയില്‍ അറബിക്കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴ കൊണ്ടുവരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട് കടന്നു വരുന്ന കാറ്റാണ് മഴയെത്തിക്കുന്നത്. പൊതുവേ തുലാവര്‍ഷം തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമാണ്.

Tags:    
News Summary - Monsoon arrives early for the first time in 16 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.