മോൻസണിന്റെ ആഡംബര ജീവിതം തട്ടിപ്പിലൂടെ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ സ്വന്തമായി വരുമാനമില്ലാതെയാണ് ആഡംബര ജീവിതം നയിച്ചതെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിലൂടെ ഉണ്ടാക്കിയ തുക സുഹൃത്തുക്കൾക്കും ബന്ധം സ്ഥാപിക്കുന്നവർക്കും യഥേഷ്ടം ദാനം ചെയ്തു. ഭാര്യയുടെയും മക്കളുടെയും പേരിൽ കെ.എസ്.എഫ്.ഇയിൽ 22.5 ലക്ഷത്തിന്‍റെ നിക്ഷേപമുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കോടികൾ നിക്ഷേപമുണ്ടെന്ന് കാട്ടുന്ന എച്ച്.എസ്.ബി.സി ബാങ്കിന്‍റെ വ്യാജരേഖ ഉപയോഗിച്ച് ഈ തുകയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ തീർക്കാനെന്ന പേരിൽ 25 കോടി തിരികെ നൽകാമെന്ന് വാഗ്ദാനം നൽകി 10 കോടി വാങ്ങിയെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആറ് പരാതികളാണ് ലഭിച്ചത്. എന്നാൽ, എച്ച്.എസ്.ബി.സി ബാങ്കിൽ പ്രതിക്ക് നിക്ഷേപമുള്ളതായി കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രേഖയുടെ പകർപ്പ് മാത്രമാണ് പരാതിക്കാരെ കാണിച്ചത്.

2021 സെപ്റ്റംബർ 25നാണ് അറസ്റ്റിലായത്. ചേർത്തലയിലേയും എറണാകുളത്തേയും വീടുകളിൽനിന്ന് മൊബൈൽ ഫോണുകൾ, ഐപാഡ്, ലാപ്ടോപ്പ്, ഐമാക് മെഷീൻ തുടങ്ങിയവ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ പരിശോധന ഫലം ലഭിക്കാൻ സമയമെടുക്കും. ഇതുവരെ 292 സാക്ഷികളെ ചോദ്യം ചെയ്തു. വഞ്ചനയും അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് 13 ക്രിമിനൽ കേസുകളും വനം നിയമത്തിന് കീഴിൽ രണ്ട് കേസുകളും നിലവിലുണ്ട്. പോക്സോ അടക്കം നാല് പീഡന കേസുകളും ചുമത്തി. ആകെ 16 കേസുകളിൽ 12ഉം അറസ്റ്റിന് ശേഷമാണ് രജിസ്റ്റർ ചെയ്തത്. മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം, അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല.

പ്രത്യേക പൊലീസ് സംരക്ഷണം പ്രതിക്ക് നൽകിയെന്ന ആരോപണം തെറ്റാണ്. പുരാവസ്തുക്കൾ സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയിൽ പൊലീസ് സംരക്ഷണം വേണമെന്ന നിവേദനത്തെ തുടർന്ന് വീടിന് മുന്നിൽ പോയന്‍റ് ബുക്ക് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ഇത് നടപടിക്രമം മാത്രമാണ്. നാഗാലൻഡ് പൊലീസ് വാഹനം മോൻസൺ ഉപയോഗിച്ചതിനും തട്ടിപ്പ് കേസുമായി ബന്ധമില്ല. ആരോപണ വിധേയരെ കേസിൽ ഇതുവരെ ഉൾപ്പെടുത്താത്തതിലൂടെ അവരൊന്നും ഇനി പട്ടികയിൽ വരില്ലെന്ന് അർഥമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തെളിവ് ലഭിച്ചാൽ ഉൾപ്പെടുത്തും. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. അന്വേഷണം ഫലപ്രദമായാണ് മുന്നേറുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയും ഐ.ജിയും മേൽനോട്ടം വഹിക്കുന്നുണ്ട്. മോൻസണിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Monson's luxurious life through fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.