'രണ്ടു ദിവസത്തിനകം പുറത്തിറങ്ങും, എന്നിട്ടു കാണിച്ചുതരാം' പൊലീസുകാരുടെ മുന്നിൽ വെച്ചും മോൻസണിന്‍റെ ഭീഷണി

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും വെല്ലുവിളിച്ചുവന്ന് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യാക്കൂബിന്‍റെ ആരോപണം.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയപ്പോൾ ഒരു പോലീസുകാരൻ വഴിയാണ് ഭീഷണി സന്ദേശം എത്തിച്ചത്.

തട്ടിപ്പുകേസില്‍ അറസ്റ്റിലായത് മോന്‍സനെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സണിന്‍റെ തട്ടിപ്പ്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.

News Summary - Monson Mavunkal's threat even in front of the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.