വാനര വസൂരി: വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലാണ് ഹെല്‍പ് ഡെസ്‌ക്. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഈ സംവിധാനം. സംശയനിവാരണത്തിനും ഹെല്‍പ് ഡെസ്‌ക് ഉപകരിക്കും.

പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഇവിടെ നിയോഗിക്കുക. 21 ദിവസത്തിനിടെ വാനര വസൂരി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ പനിയോടൊപ്പം ശരീരത്തില്‍ തടിപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശിവേദന, തൊണ്ടവേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയവ ഉണ്ടെങ്കില്‍ ഹെല്‍പ് ഡെസ്‌കിനെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.വിമാനത്താവളങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും അനൗണ്‍സ്‌മെന്‍റും നടത്തും.

ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകർക്കും പരിശീലനം

വാനര വസൂരി പ്രതിരോധത്തിന് ആരോഗ്യവകുപ്പിന്‍റെ പരിശീലന പരിപാടി പുരോഗമിക്കുകയാണ്. കൂടാതെ, ഐ.എം.എയുമായി സഹകരിച്ച് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കും, ആയുഷ് മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും. കിലെയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപന ജീവനക്കാര്‍ക്കും പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യ വളന്‍റിയർമാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ് കിലെയുടെ പരിശീലനം.

Tags:    
News Summary - Monkeypox: Help Desk at Airports - Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.