തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനര വസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജൂലൈ 13ന് ദുബൈയില്‍നിന്നാണ് എത്തിയത്. ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞയാഴ്ച കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വാനര വസൂരി ബാധിച്ചവരുടെ എണ്ണം രണ്ടായി.
പ്രതിരോധ പ്രവർത്തനം ഊർജിതമായി തുടരുന്നതിനിടെയാണ് രണ്ടാമത്തെ കേസ്. . ചിക്കൻ പോക്സ് സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് വാനര വസൂരിയല്ലെന്ന് ഉറപ്പുവരുത്താനാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. സമാന ലക്ഷണമുള്ള സാമ്പ്ള്‍ പൊതുവിൽ (റാൻഡം) പരിശോധിക്കും. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ ഹെല്പ് ഡെസ്ക് സജ്ജമാക്കി.
പയ്യന്നൂർ: വാനരവസൂരി സ്ഥിരീകരിച്ച പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിയുടെ നില സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രോഗിയുടെ ശ്രവങ്ങള്‍ പുണെയിലെ വൈറോളജി ലാബില്‍ പരിശോധിച്ചതില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് പോലെ രോഗം പെട്ടെന്ന് പകരാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ നേതൃത്വത്തില്‍ ചികിത്സക്കായി ഡോക്ടര്‍മാരുടെ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ. മനോജ്, ആര്‍.എം.ഒ ഡോ. എം.എസ്. സരിന്‍, നോഡല്‍ ഓഫിസര്‍ ഡോ. പ്രമോദ്, മെഡിസിന്‍ വിഭാഗത്തിലെ ഡോ. രഞ്ജിത്ത് എന്നിവരുള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. യുവാവ് ഈ മാസം 13നാണ് ദുബൈയില്‍നിന്ന് നാട്ടിലെത്തിയത്. ആരൊക്കെയായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നത് ആരോഗ്യവകുപ്പ് പരിശോധിച്ചുവരുകയാണ്. ഇവരെ നിരീക്ഷണത്തിലാക്കാനും നിര്‍ദേശമുണ്ട്.
അതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗണ്ടറും തുറന്നു. അഞ്ചു ദിവസം മുമ്പ് മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവിനാണ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം: വാനര വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ സംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശന വിശദാംശങ്ങള്‍ സംഘം മന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി പറഞ്ഞു.
യാത്രക്കാരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ സുരക്ഷിതമായി ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്ധ ചികിത്സയും നല്‍കാൻ ക്രമീകരണം ഏർപ്പെടുത്തി. ജില്ലകളില്‍ ഐസൊലേഷന്‍ സൗകര്യം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ തയാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലന്‍സ് സംവിധാനം ജില്ലകളില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.