കളഞ്ഞു കിട്ടിയ മൊബൈൽ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കവർന്നു

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നതായി പൊലീസ്. കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിലായതായും കുന്നത്തുനാട് പൊലീസ് അറിയിച്ചു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), ആസാം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.​


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ

കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നത്. തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോൺ നഷ്ടപെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ബംഗാൾ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി.


പെരിങ്ങാലയിലെ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്. ഫോൺ ലഭിച്ചത് അബ്ദുൾ കലാമിനായിരുന്നു. പളളിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയായ ഇയാൾ മൊബൈൽ ഫോണിലെ പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ പണത്തിൽ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി. ബക്കി തുക റോണി മിയയുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോൺ ഉപേക്ഷിച്ചു. പിന്നീട് പോലീസ് ഈ ഫോൺ കണ്ടെടുത്തു. നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്.

Tags:    
News Summary - Money was stolen from a bank account using a lost mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.