ചിരിയുടെ കുമാരൻ; ഹൃദയം തൊട്ട നടന മികവ്

കൊച്ചി: സിനിമയുടെ സൗന്ദര്യ സങ്കൽപ്പങ്ങളെയും ഹാസ്യത്തിന്റെ പരമ്പരാഗത വ്യാകരണങ്ങളെയും പൊളിച്ചെഴുതിയ അഭിനേതാവായിരുന്നു സലിംകുമാർ. വിലകുറഞ്ഞ ഹാസ്യംകൊണ്ട് പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നില്ല അദ്ദേഹത്തിന്‍റേത്. അനുഭവിച്ചറിഞ്ഞ ജീവിതത്തെയും കണ്ടുമുട്ടിയ മനുഷ്യരെയും കലർപ്പില്ലാത്ത നർമബോധത്തോടെ തന്‍റെ അഭിനയവഴക്കത്തിലേക്ക് പകർത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് സലിംകുമാറിന്‍റെ വേഷങ്ങൾക്ക് സ്വാഭാവികതയും തിളക്കവും കൂടി. വേറിട്ട സംഭാഷണ ശൈലിയും ചിരിയും കൊണ്ട് ആ കഥാപാത്രങ്ങളെ അദ്ദേഹം മിഴിവുറ്റതാക്കി. ഗൗരവമുള്ള വേഷങ്ങളിലേക്ക് ചുവടുമാറിയപ്പോഴാകട്ടെ അവക്ക് അദ്ദേഹം വൈകാരിക കരുത്തും ഭാവവും സമ്മാനിച്ചു.

പ്രീഡിഗ്രി പാസായ സലിംകുമാറിന്, അച്ഛന്‍റെ മരണത്തോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ പഠനം തുടരാനാകാത്ത അവസ്ഥ വന്നു. ചെറിയ സ്റ്റേജ് പരിപാടികളൊക്കെയായി അഞ്ചാറ് വർഷം മുന്നോട്ടുപോയി. ആത്യന്തികമായി കലയായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. കോളജിൽ പഠനം തുടർന്നാൽ, യൂനിവേഴ്സിറ്റി കലോത്സവങ്ങളിൽ പങ്കെടുത്ത് പേരെടുക്കാമല്ലോ എന്നും അതുവഴി മിമിക്രിയിലും സിനിമയിലും എത്താമല്ലോ എന്നുമായിരുന്നു ചിന്ത. ആ ആഗ്രഹത്തോടെയാണ് ജീവിത പ്രരാബ്ധങ്ങൾക്കിടയിലും മഹാരാജാസിൽ ബിരുദത്തിന് ചേരാൻ തീരുമാനിച്ചത്. യൂനിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടുമെന്ന് അധ്യാപകർക്ക് വാക്ക് നൽകി ഈവനിങ് കോളജിൽ അഡ്മിഷൻ തരപ്പെടുത്തി. സലിം കുമാർ വാക്ക് പാലിച്ചു. രണ്ടാം സ്ഥാനം ഗിന്നസ് പക്രുവിനും മൂന്നാം സ്ഥാനം ടിനി ടോമിനുമായിരുന്നു. തുടർന്ന് രണ്ട് വർഷങ്ങളിലും ഒന്നാം സ്ഥാനം സലിംകുമാറിന് തന്നെ.

സഹോദരൻ അയ്യപ്പന്റെ അനുയായി ആയിരുന്ന അച്ഛൻ ഗംഗാധരന്‍റെ മതേതര കാഴ്ചപ്പാടാണ് തന്‍റെ പേരിന് പിന്നിലെന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ട്. ആ പാത പിന്തുടർന്ന് മകന് ‘ചന്തു ജോസഫ് ഹംസ’ എന്ന് പേരിട്ടെങ്കിലും ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചന്തു എന്ന് ചുരുക്കി. അമ്മയുടെ അപാരമായ നർമബോധമാണ് തന്നെ ചിരിക്കാനും ചിരിപ്പിക്കാനും പഠിപ്പിച്ചതെന്ന് അദ്ദേഹം വിശ്വസിച്ചു. കിട്ടിയ വേഷങ്ങൾ ചെറുതായാലും വലുതായാലും അതിന്‍റെ സൂക്ഷ്മാംശങ്ങളോടെ അവതരിപ്പിക്കുക എന്നതായിരുന്നു സലിംകുമാർ ശൈലി. ആദ്യകാലത്ത് ജീവിതത്തിലും സിനിമയിലും ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത്. കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവം ശത്രുക്കളെയും നേടിക്കൊടുത്തു. തനിക്ക് 11 സീനുകൾ ഉണ്ടായിരുന്ന ‘നീ വരുവോളം’ എന്ന ചിത്രത്തിൽ നിന്ന് ഒമ്പത് സീനുകൾ ചിത്രീകരിച്ച ശേഷം അഭിനയം ശരിയാകുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയതിന്‍റെയും തുടർന്ന് കൈയ്യിൽ കാശില്ലാത്തതിനാൽ വഴിയാത്രക്കാരനോട് പണം കടം വാങ്ങി നാട്ടിലെത്തിയതിന്‍റെയും വേദനിപ്പിക്കുന്ന കഥ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

‘തെങ്കാശിപ്പട്ടണ’ത്തിലെ വേഷമാണ് സലിംകുമാറിന് കൂടുതൽ കോമഡി ചിത്രങ്ങളിലേക്ക് വഴി തുറന്നത്. ദിലീപിനും ഹരിശ്രീ അശോകനുമൊപ്പമുള്ള സലിം കുമാറിന്റെ കൂട്ടുകെട്ട് സിനിമക്ക് വൻ വിജയങ്ങളൊരുക്കി കൊടുത്തു. ‘മീശ മാധവനി’ലെ അഡ്വ. മുകുന്ദനുണ്ണി, ‘തിളക്ക’ത്തിലെ ഓമനക്കുട്ടൻ, ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഉസ്മാൻ, ‘മായാവി’യിലെ സ്രാങ്ക്, ‘തൊമ്മനും മക്കളും’ സിനിമയിലെ രാജാക്കണ്ണ്, ‘ഈ പറക്കും തളിക’യിലെ കോശി, ‘ഗ്രാമഫോണി’ലെ തബല ഭാസ്കരൻ, ‘കറുത്ത പക്ഷികളി’ലെ ഷൺമുഖൻ തുടങ്ങിയവ അദ്ദേഹത്തിലെ പ്രതിഭയുള്ള നടനെ അടയാളപ്പെടുത്തിയ വേഷങ്ങളാണ്. പ്രേക്ഷകർ ഹൃദയത്തിലേറ്റിയ സലിം കുമാർ കഥാപാത്രങ്ങളാണ്

‘അച്ഛനുറങ്ങാത്ത വീട്ടി’ലെ സാമുവലും ‘ആദാമിന്‍റെ മകൻ അബു’വിലെ വയോധികനായ അത്തറ് കച്ചവടക്കാരൻ അബുവും. ഏത് ആശയത്തിന് പറ്റിയ മുഖഭാവവും പഞ്ച് ഡയലോഗുകളും ട്രോളൻമാർക്ക് സലിംകുമാറിന്‍റെ സിനിമകളിൽ നിന്ന് സമൃദ്ധമായി കിട്ടിയിരുന്നു.

എന്നും കോൺഗ്രസുകാരൻ...

ജീവിച്ചിരിക്കെത്തന്നെ തന്‍റെ മരണ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പലതവണ അദ്ദേഹത്തിന് കാണേണ്ടി വന്നു. പരാതിയും പരിഭവങ്ങളും ഇല്ലാതെ നിസ്സംഗതയോടെയാണ് അതിനെ നേരിട്ടത്. ഇതെല്ലാം കണ്ട് കുടുംബം വല്ലാതെ വേദനിക്കുമല്ലോ എന്നത് മാത്രമായിരുന്നു ആകുലത. രാഷ്ട്രീയം തുറന്നുപറയാൻ മടിയില്ലാത്ത സിനിമക്കാരനായിരുന്നു സലിംകുമാർ. താൻ എന്നും കോൺഗ്രസുകാരനാണെന്നും കരുണാകരന്‍റെ ആരാധകനാണെന്നും പ്രഖ്യാപിച്ച അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസിന്‍റെ പ്രചാരണത്തിന് എത്തി. എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെ നെഗറ്റീവായി കാണാത്ത പോസിറ്റീവ് രാഷ്ട്രീയം അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കി. മികച്ച കർഷകനായ സലിംകുമാർ 13 ഏക്കറോളം പാടത്ത് പരമ്പരാഗത പൊക്കാളി കൃഷിയും മത്സ്യകൃഷിയും വിജയകരമായി നടത്തിയിരുന്നു.

Tags:    
News Summary - The Prince of Laughter; Heart-touching Acting Excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.