കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. സി.പി.എമ്മിനേയും പാർട്ടിയുടെ ഉന്നത നേതാക്കളേയുമടക്കം 28 പേരെ പ്രതികളാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അധിക കുറ്റപത്രം അംഗീകരിച്ചാണ് കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി (പി.എം.എൽ.എ) ഇക്കാര്യം വ്യക്തമാക്കിയത്.
മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ, സി.പി.എം തൃശൂർ ജില്ല മുൻ സെക്രട്ടറിമാരായ കെ. രാധാകൃഷ്ണൻ എം.പി, എം.എം. വർഗീസ്, പൊറത്തിശേരി നോർത്ത് ലോക്കൽ സെക്രട്ടറി എ.ആർ. പീതാംബരൻ, പൊറത്തിശേരി സൗത്ത് ലോക്കൽ സെക്രട്ടറി എം.ബി. രാജു, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ തുടങ്ങി പാർട്ടി നേതാക്കളടക്കം അധിക കുറ്റപത്രത്തിൽ പേരുള്ള 28 പേരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ പ്രത്യേക ജഡ്ജി പി. ശബരീനാഥൻ, ജൂലൈ നാലിന് നേരിട്ട് ഹാജരാകാൻ എല്ലാവർക്കും സമൻസ് അയച്ചു.
ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് മുൻ ജീവനക്കാരടക്കം ഒന്നു മുതൽ 55 വരെ പ്രതികൾക്കെതിരെ വിചാരണ തുടങ്ങി. ഇതിന് പിന്നാലെയാണ് 56 മുതൽ 83 വരെ പ്രതികളെ ചേർത്ത് അധിക കുറ്റപത്രം നൽകിയത്. പാർട്ടി നേതാക്കൾ 67 മുതൽ 73 വരെ പ്രതികളാണ്.
സി.പി.എം പാർട്ടിതന്നെ 68ാം പ്രതിയാകുന്ന സവിശേഷതയുമുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്ന എ. സി. മൊയ്തീൻ, എം.എം. വർഗീസ്, കെ. രാധാകൃഷ്ണൻ എന്നിവർക്കും പ്രതി ചേർത്ത ഏരിയ, ലോക്കൽ സെക്രട്ടറിമാർക്കും ബാങ്കിലെ തട്ടിപ്പിനെയും അനധികൃത വായ്പകളെ കുറിച്ചും അറിവുണ്ടായിരുന്നുവെന്നും അവർ ഭരണ സമിതിയെ സ്വാധീനിച്ചിട്ടുണ്ടെന്നും കേസിൽ മാപ്പു സാക്ഷിക്കളായ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം എന്നിവരുടെ മൊഴിയുള്ളതായി കുറ്റപത്രത്തിൽ പറയുന്നു.
കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളെ തുടർന്ന് തൃശൂർ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗമടങ്ങുന്ന സബ് കമ്മിറ്റി വലിയ വായ്പകൾ അനർഹർക്ക് അനുവദിക്കാൻ ഭരണസമിതിയിൽ സമ്മർദം ചെലുത്തിയെന്നാണ് പാർട്ടിക്കെതിരായ പ്രധാന കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.