രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന പണവുമായി പിടിയിലായ പ്രതി ആർ.പി.എഫ്, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥർക്കൊപ്പം
പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന 38,85,000 രൂപയുമായി ആലപ്പുഴ സ്വദേശി പിടിയിൽ. ആലപ്പുഴ വടുതല ജെട്ടി ഇരമംഗലത്ത് നിറത്തിൽ വീട്ടിൽ തൗഫീഖ് (34) ആണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽവെച്ച് ആർ.പി.എഫും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
സ്വർണക്കടത്തുകാരുടെ ഇടനിലക്കാരനായ യുവാവ് എറണാകുളത്തുനിന്ന് സ്വർണം കോയമ്പത്തൂരിലെത്തിച്ച് വിൽപന നടത്തി പണവുമായി മടങ്ങുകയായിരുന്നു. പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് അഡീഷനൽ ഡയറക്ടർക്ക് കൈമാറി.
പാലക്കാട് ആർ.പി.എഫ്. കമാൻഡന്റ് നവീൻ പ്രസാദിന്റെ നിർദേശപ്രകാരം സി.ഐ സൂരജ് എസ്. കുമാറിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ വി. സവിൻ, പാലക്കാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി. അബ്ദുൽ മുനീറിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ആർ. വിനോദ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് ബാബു, കെ. ജയൻ, കെ. ദിലീപ് എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.