തൃശൂർ: 'മകന് ലഹരി വാങ്ങാൻ പണം കൊടുത്തത് പിതാവിന്റെ അക്കൗണ്ടിൽ നിന്ന്...' ലഹരിക്കടത്ത് സംഘത്തിൽനിന്ന് കണ്ടെടുത്ത വിദ്യാർഥികളുടെ പേരുവിവരങ്ങളടങ്ങിയ പട്ടികയിലൂടെ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ലഹരി ഇടപാടിലുൾപ്പെട്ട കുട്ടികളിൽ നിരവധി പേരും സാമ്പത്തിക ഇടപാടുകൾ നടത്തിയത് രക്ഷിതാക്കളുടെ അക്കൗണ്ടിൽനിന്നാണ്.
വിദ്യാർഥികളുടെ മൊബൈൽ നമ്പറുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിച്ചപ്പോഴാണ് കണ്ടെത്തൽ. പട്ടികയിലെ പേരുകളുള്ള കുട്ടികളിൽ ഭൂരിപക്ഷം പേരെയും തിരിച്ചറിഞ്ഞു. ഇവരുടെ വീടുകളിലെത്തി എക്സൈസ് സംഘം സംസാരിക്കുമ്പോഴാണ് അക്കൗണ്ടിൽനിന്ന് പണം പോയത് ലഹരി ഇടപാടിലേക്കായിരുന്നെന്ന് പലരും അറിയുന്നത്. വിവിധ ആവശ്യങ്ങളുടെ പേരിൽ പണം ആവശ്യപ്പെടുകയും സുഹൃത്തെന്നും സ്ഥാപനത്തിലേതെന്നും വിശ്വസിപ്പിച്ച് ലഹരി ഇടപാടുകാർക്ക് ഗൂഗിൾ പേ വഴി പണം നൽകുകയുമായിരുന്നു. കഴിഞ്ഞ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽനിന്ന് 18 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർഥികളുടെ പേരെഴുതിയ പട്ടിക ലഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഒല്ലൂർ സ്വദേശി അരുണാണ് ലഹരിക്കടത്തിലെ മുഖ്യകണ്ണിയെന്ന് അറിഞ്ഞത്. ഇയാളെ വെള്ളിയാഴ്ച കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ കൂട്ടാളികളായ മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരെയും പിടികൂടാനായി. ഇവരിലൊരാളുടെ പക്കല്‍നിന്ന് 10 ഗ്രാം എം.ഡി.എം.എ കൂടി പിടിച്ചെടുത്തു. അരുണിന്റെ കാള്‍ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിളിച്ചയാള്‍കൂടിയാണ് സിതിന്‍. ഇയാളുടെ വീട്ടില്‍നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. സിതിനാണ് മറ്റൊരു കൂട്ടാളിയെക്കുറിച്ച വിവരം നല്‍കിയത്. ഇവരിൽനിന്നുള്ള വിവരത്തിലാണ് ചാലക്കുടിയിൽ കെണ്ടയ്നർ ലോറിയിൽ കടത്തിയ നാല് കിലോയോളം ഹഷീഷ് ഓയിലും ചരസുമായി മൂന്നുപേരെ പിടികൂടിയത്.
ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ പട്ടികയിൽ കുട്ടികളെ തിരിച്ചറിഞ്ഞ് ഇവരുടെ വീടുകളിലെത്തി ബോധവത്കരണവും നിരീക്ഷണവും നടത്തുകയാണ് എക്സൈസ്. എല്ലാവരും 17നും 25നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിലുണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.