പണം തിരിമറി: ആർ.ടി.ഒ ഓഫിസ് മുൻ ക്ലർക്കിന് കഠിന തടവും രണ്ടു ലക്ഷം പിഴയും

കോഴിക്കോട്: റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെയും ജനസേവന കേന്ദ്രത്തിലെയും പണം ക്രമ​ക്കേട് നടത്തിയെന്ന കേസിൽ സർക്കാർ ജീവനക്കാരന് നാലു കേസുകളിലായി മൊത്തം നാലുവർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. കോഴിക്കോട് ആർ.ടി.ഒ ഓഫിസിലെ എൽ.ഡി ക്ലർക്കും കോഴിക്കോട് ജനസേവന കേന്ദ്രം സർവിസ് ഓഫിസറുമായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി മൊത്തം 9.92 ലക്ഷത്തിലേറെ രൂപ ക്രമക്കേട് നടത്തിയെന്ന കേസിലാണ് മലപ്പുറം വാഴക്കാട് ചെറുവായൂർ ഭൂഷൺ ഹൗസിൽ ശശിഭൂഷനെ (62) കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ രണ്ടു കൊല്ലവും നാലുമാസവും കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. വി.കെ. ശൈലജൻ ഹാജരായി.

1999 ഫെബ്രുവരി 15 മുതൽ 2001 ജനുവരി 16 വരെ കാലയളവിൽ വാഹന നികുതി ഇനത്തിൽ ഉടമകൾ അടച്ച 3,93,588 രൂപ സർക്കാറിനെ കബളിപ്പിച്ച് കൈക്കലാക്കിയെന്നതിന് രണ്ട് കുറ്റപത്രവും 2001 മാർച്ച് 28 മുതൽ 2002 ആഗസ്റ്റ് 19 വരെ ജനസേവന കേന്ദ്രത്തിൽ സർവിസ് ഓഫിസറായിരിക്കെ 5,98,530 രൂപ കൈക്കലാക്കിയതിന് മറ്റ് രണ്ട് കുറ്റപത്രവും സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഓരോ കേസിലും വിവിധ വകുപ്പുകളിലായി അഞ്ചുവർഷം വീതം മൊത്തം 20 വർഷം കഠിനതടവാണ് വിധിച്ചതെങ്കിലും നാലു കേസിലും ഒരുകൊല്ലം വീതം മൊത്തം നാലു കൊല്ലം തടവ് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിലുണ്ട്.

Tags:    
News Summary - Money diversion: En-RTO office clerk gets severe jail term and Rs 2 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.