കൂറ്റനാട്: ബധിരയും മൂകരുമായ വൈകല്യം മറയാക്കി യുവതിയില്‍ നിന്നും സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍അറസ്റ്റില്‍. ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ്, (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ ബാസിൽ(28) എന്നിവരാണ് ചാലിശ്ശേരി പൊലീസിൻ്റെ പിടിയിലായത്.
സംസാരശേഷിയില്ലാത്തവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇവർ യുവതിയെ പരിചയപ്പെടുന്നത്. പ്രതികൾക്ക് ജന്മന ശ്രവണശക്തിയും സംസാരശേഷിയും ഇല്ലന്നിരിക്കെ തങ്ങളുടെ വൈകല്യം സഹതാപമാക്കിമാറ്റി യുവതിയിൽ നിന്നും ആറ് പവനോളം ആഭരണങ്ങളും 52000 രൂപയും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ചതിയിൽ പെട്ട വിവരം യുവതിയും കുടുംബവും ചാലിശ്ശേരി പൊലീസിൽ അറിയിക്കുകയും പൊലീസ് ഇവരെ പിൻതുടർന്ന് സ്ഥലത്തെത്തുകയുമായിരുന്നു. എന്നാൽ തങ്ങളുടെ അവസ്ഥ കാണിച്ച് സഹതാപരീതിയിൽ സംസാരിച്ച് പൊലീസിൻ്റെ അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമിച്ചു.
എന്നാല്‍ ആംഗ്യഭാഷാപരിചിതരുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. വീണ്ടും നുണകൾ പറഞ്ഞ ഇവരെ കൃത്യമായ തെളിവുകളോടെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ തട്ടിയെടുത്ത ആറു പവനോളം ആഭരണങ്ങൾ വിറ്റ കടയിൽ നിന്നും തൊണ്ടിമുതല്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇതിനിടെ ആഭരണങ്ങൾ വിറ്റു കിട്ടിയ പണം വില കൂടിയ ഐ ഫോണ്‍ മൊബൈലുകളും മറ്റും വാങ്ങി ആർഭാട ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചത്.
ഇതിൽമുഹമ്മദ് റാഷിദിൻ്റെ പേരിൽ തിരൂർ പൊലീസിൽ നേരത്തെ കേസ് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഷൊർണ്ണൂർ ഡി.വൈ.എസ്.പി മനോജ്കുമാറിൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, എസ്.ഐ ശ്രീലാൽ, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മാരായ അബ്ദുൾറഷീദ്, ജയന്‍, എസ്.സി.പി.ഒ മാരായ സജിത്ത്, ജയൻ, രഞ്ജിത്ത്, നൗഷാദ്ഖാൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.