മോഹൻലാൽ
മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും സർക്കാർ ബ്രാൻഡ് അംബാസിഡർ; 'കതിർ' കാർഷിക ക്ലബ്ബ് പദ്ധതിയിൽ പങ്കുചേരും
തിരുവനന്തപുരം; സർക്കാറിന്റെ വിവിധ പദ്ധതികളിൽ ബ്രാൻഡ് അംബാസിഡർമാരായി മലയാളത്തിലെ മികച്ച താരനിര. സംസ്ഥാനത്തെ റോഡപകട മരണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായ 'കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ' പദ്ധതി രൂപീകരിച്ച് ബ്രാൻഡ് അംബാസിഡറായി മമ്മൂട്ടിയെ നിയമറിച്ചതിന് പിന്നാലെ കൃഷിവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 'കതിർ' കാർഷിക ക്ലബ്ബ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി മോഹൻ ലാലിനെയും സർക്കാർ നിയമിച്ചു. കാർഷിക മന്ത്രി ടി. സിദ്ധിഖ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൃഷി കേവലം ഒരു തൊഴിൽ മാത്രമല്ല, അതൊരു സംസ്കാരവും ജീവിതശൈലിയും അതിജീവനത്തിന്റെ അടിത്തറയുമാണ്. ഈ തിരിച്ചറിവ് പുതുതലമുറയിലേക്ക് പകരാനാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ 'കതിർ' കാർഷിക ക്ലബ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
അടുത്തവർഷം മുതൽ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. ഒപ്പം തന്നെ കൃഷി ചെയ്യുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനും ഇതിൻ്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കതിർ എന്നത് കേവലം ഒരു പദ്ധതിയായിട്ടല്ല, സർക്കാർ കാണുന്നത്. നാളത്തെ കേരളീയ കാർഷിക മേഖലയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. അതിനുള്ള വിത്ത് നമുക്ക് ഒരുമിച്ച് പാകാം, നല്ല നാളേക്കായ് - ടി. സിദ്ധിഖ് പറഞ്ഞു.
നവംബർ 15ന് രാവിലെ 11 മണിക്ക് എറണാകുളം ടൗൺഹാളിൽ വെച്ച് കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ഈ ഉദ്യമത്തിൽ നമ്മുടെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി മലയാളത്തിന്റെ പ്രിയ മഹാനടൻ ശ്രീ. മമ്മൂട്ടി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ കാടിന് കാവലാളാകുവാൻ മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും ഔദ്യോഗികമായി നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. വനം- വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിനുമായി ഇരുവരെയും ഓണററി അടിസ്ഥാനത്തിലാണ് നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.