ഡോക്ടറെ മർദിച്ച സംഭവത്തിൽ വഴിത്തിരിവ്; നടിയുടെ ബന്ധുവിന്‍റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്; ഹണിട്രാപ്പല്ലെന്ന് പൊലീസ്
കാക്കനാട്: യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ച സംഭവത്തിൽ വഴിത്തിരിവ്. ആക്രമണത്തിനിരയായ 41കാരനായ ഡോക്ടർക്കെതിരെ നടിയുടെ അടുത്ത ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഇതിനുപിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രിയിലെ ജോലിയിൽനിന്ന് പുറത്താക്കി.
മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ വെച്ച് മദ്യം നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ചിത്രങ്ങൾ ഇയാൾ പകര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
അതേസമയം, ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫാണെന്നും ഒളിവിലാണെന്നാണ് സൂചനയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, തുടക്കത്തിൽ ഉയർന്ന ഹണിട്രാപ്പ് സാധ്യതകൾ പൊലീസ് തള്ളി. നടിയുടെ ബന്ധുവായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽനിന്ന് നീക്കം ചെയ്യാനാണ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടറെ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് എത്തിച്ചത്. തുടർന്ന് ആക്രമിക്കുകയും രണ്ടു ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ കൈക്കലാക്കുകയുമായിരുന്നു.
നിലവിൽ നടിയുടെ കൂട്ടാളിയായ ജിം ട്രെയിനറുടെ കൈവശമാണ് ഈ ഫോണുകൾ. ഇയാൾ ഒളിവിലാണ്. ഫോണുകൾ പിടിച്ചെടുത്ത് പരിശോധിച്ചാൽ മാത്രമേ മൊഴികളുടെ സത്യാവസ്ഥ വ്യക്തമാകൂവെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. പണം നൽകാൻ നടിയും സംഘവും ആവശ്യപ്പെട്ടതായി ഡോക്ടർ നൽകിയ പരാതിയിൽ 12 പേർക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഒമ്പത് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ സംഭവത്തിലെ ദുരൂഹതകൾ പൂർണമായി നീങ്ങുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.