എംഡിഎംഎ പിടികൂടിയ കേസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ
ലക്കിടി: രണ്ടാഴ്ച മുമ്പ് ലക്കിടിയിൽ രണ്ടു പേരിൽനിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിനാണ് (46) പിടിയിലായത്.
ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു.
അതേസമയം, തൃശൂരിൽ എംഡിഎംഎയുമായി ഒരാളെ നെടുപുഴ പൊലീസ് പിടികൂടി. കുട്ടനെല്ലൂർ പവരാട് സ്വദേശിയായ വാരിയത്ത് വീട്ടിൽ ദിലീപ് (43) എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്നും 21.38 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴുകമ്പനി വട്ടമാവ് എന്ന സ്ഥലത്ത് എംഡിഎംഎയുമായി സ്കൂട്ടറിൽ എത്തിയപ്പോഴാണ് ഇയാൾ വലയിലാകുന്നത്. അന്വേഷണത്തിൽ പ്രതിക്ക് തൃശൂർ സിറ്റി റൂറൽ സ്റ്റേഷനുകളിലായി ഒമ്പതോളം ക്രിമിനൽ കേസുകളുണ്ടെന് വ്യക്തമായി.
മഞ്ചേരിയിൽ വൻ രാസലഹരി വേട്ട
മഞ്ചേരി: വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന 356.5 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേരിയിൽ ആറുപേർ പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി കാട്ടുമുണ്ട വീട്ടിൽ മനോജ് (46), മൊറയൂർ സ്വദേശി മഞ്ചേരി പറമ്പൻ വീട്ടിൽ മുഹമ്മദ് സ്വാലിഹ് (38), വള്ളുവമ്പ്രം അറവങ്കര സ്വദേശി മന്നേതൊടി വീട്ടിൽ അബ്ദുറഹിമാൻ (44), പൂക്കോട്ടൂർ സ്വദേശി പനമ്പുഴ വീട്ടിൽ നവാസ് (27), മലപ്പുറം ചെമ്മങ്കടവ് കോഡൂർ സ്വദേശി എറിയാട് വെള്ളങ്ങര വീട്ടിൽ ഇ.വി. നജീം (41), മലപ്പുറം കോഡൂർ ഒറ്റത്തറ സ്വദേശി പാറമ്മൽ വീട്ടിൽ ഫൈസൽ (33) എന്നിവരെയാണ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂക്കോട്ടൂർ അറവങ്കര ചീനിക്കൽ എം.എ.എൽ.പി സ്കൂളിന് സമീപമുള്ള സ്വകാര്യ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ, ചട്ടിപ്പറമ്പ് എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയുൾപ്പടെ ആറുപേരെയാണ് മലപ്പുറം ഡാൻസാഫ് ടീമും മഞ്ചേരി സബ് ഇൻസ്പെക്ടർ ശിശിര ശശികുമാറിന്റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസും ചേർന്ന് പിടികൂടിയത്.
പ്രതികളിൽനിന്ന് എം.ഡി.എം.എ വിൽപന നടത്തി ലഭിച്ച 15,000 രൂപയും ഡിജിറ്റൽ ത്രാസും, ചെറിയ സിപ് ലോക്ക് കവറുകളുടെ പാക്കറ്റും ആറ് ഗ്ലാസ് ഫ്യൂമുകളും ഗ്യാസ് ലൈറ്ററും കണ്ടെടുത്തു. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി ബി. അനിൽ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ. സുനിൽകുമാർ, മഞ്ചേരി ഇൻസ്‌പെക്ടർ ടി.ജി. ദിലീപ് എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേരി സബ് ഇൻസ്പെക്ടർ ശിശിര ശശികുമാർ, എസ്.സി.പി.ഒമാരായ തൗഫീഖ്, എൻ.എം. അബ്ദുല്ല ബാബു, സി.പി.ഒമാരായ അനന്തു, ശ്രീരാജ്, ഡാൻസാഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവത്തി, കെ.കെ. ജസീർ, രഞ്ജിത്ത് രാജേന്ദ്രൻ, കൊണ്ടോട്ടി ഇൻസ്‌പെക്ടർ പി. സംഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.