ആര്യ രാജേന്ദ്രൻ

പ്രവർത്തനം ഇനി മലബാറിലേക്ക്! തലസ്ഥാനം വിടാനൊരുങ്ങി ആര്യ രാജേന്ദ്രൻ; പാർട്ടി അനുമതി തേടി അപേക്ഷ നൽകി

തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്ക് മാറ്റാൻ അനുമതി തേടി മുൻ മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ആര്യയുടെ അപേക്ഷ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തുടർനടപടികൾക്കായി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം അജണ്ടയായി ഉയർന്നുവന്നതും ചർച്ച ചെയ്തതും.

വ്യക്തിപരമായ സൗകര്യങ്ങളും കുടുംബപരമായ ആവശ്യങ്ങളും ചൂണ്ടിക്കാണിച്ചാണ് പ്രവർത്തന മണ്ഡലം മാറ്റാൻ ആര്യ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ബാലുശ്ശേരി എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന നേതാവുമായ കെ.എം. സച്ചിൻ ദേവാണ് ആര്യയുടെ ഭർത്താവ്. വിവാഹശേഷം മേയർ എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ കാരണം ആര്യ കുഞ്ഞുമൊത്ത് തിരുവനന്തപുരത്തായിരുന്നു താമസം.

എന്നാൽ, സച്ചിന്റെ വീട് കോഴിക്കോടായതിനാലും, കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനും സൗകര്യാർത്ഥം പ്രവർത്തനം കോഴിക്കോടേക്ക് മാറ്റാൻ താല്പര്യമുണ്ടെന്ന് ആര്യ നേരത്തെ തന്നെ സഹപ്രവർത്തകരെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും കോഴിക്കോട് ടൗണിൽ വീടെടുത്ത് താമസം മാറിയതായാണ് വിവരം.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആര്യക്ക് സംഘടന രംഗത്ത് മുമ്പും സജീവ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം കോർപ്പറേഷന്റെ അമരം ഏറ്റെടുത്ത ആര്യയുടെ സംഘടനാശേഷിയും ജനപ്രീതിയും വരുംകാലങ്ങളിൽ സംസ്ഥാന തലത്തിലോ അല്ലെങ്കിൽ മലബാർ മേഖലയിലോ കൂടുതൽ പ്രയോജനപ്പെടുത്താനാണ് സിപിഎം ആലോചിക്കുന്നത്.

പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ആര്യ രാജേന്ദ്രൻ കോഴിക്കോട് കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകും.

Tags:    
News Summary - Arya Rajendran Seeks CPM Approval to Move Politics to Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.