പറവൂർ: ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രൻ ഒരു നാടിന്റെ തന്നെ മുഖ്യനായി മാറിയ അനർഘ നിമിഷമാണിതെന്ന് നടൻ മോഹൻലാൽ. ഒരാളെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി വി.ഡി സതീശിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘ഇരട്ടി മധുരമുള്ള ഒരു ആഘോഷ നിമിഷത്തിലാണ് നമ്മളെല്ലാവരും. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രൻ ഒരു നാടിന്റെ തന്നെ മുഖ്യനായി മാറിയ അനർഘ നിമിഷം. ഈ നിമിഷത്തെ അഭിസംബോധന ചെയ്ത് എന്ത് പറയണം എന്ന് എനിക്ക് ഒരു കൃത്യമായ ഒരു രൂപമില്ല. ഞാൻ അടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ട് എന്ന് പ്രിയപ്പെട്ട സതീശൻ സാർ ഇപ്പോൾ അറിയുന്നുണ്ടാവാം. അത്രമാത്രം പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. പറവൂരിന് മാത്രമല്ല കേരളത്തിനാകെ ഈ ഒരാളെ വേണം എന്ന് തോന്നാൻ കാരണം എന്താണ് എന്ന് ഞാൻ ആ ദിവസങ്ങളിലേറെ ആലോചിച്ചിട്ടുണ്ട്. സത്യസന്ധത, സുതാര്യത - ബഹുമാനപ്പെട്ട സതീശൻ സാറിന് ഇവ രണ്ടും പ്രകടമാണ്. ജീവിതത്തിൽ അങ്ങോളം മറ്റെന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് ഇപ്പോൾ വി.ഡി. സതീശൻ സാർ. മഴയും പുഴകളും മലയും കാടും കടലും ഒരുപോലെ അനുഗ്രഹിച്ച ഒരിടം. കൃഷിയും വാണിജ്യവും കലയും സംസ്കാരവും പരസ്പരം ലയിച്ച നാട്. തൊഴിലിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം ഈ നാടിനെയും അതിൻറെ അമൂല്യമായ സമ്പത്തിനെയും വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. അതിൻറെ സാധ്യതകളെ ഫലപ്രദമായ വിധത്തിൽ വിനിയോഗിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.
നമ്മുടെ ചരിത്രം, സംസ്കാരം, കല, പ്രാദേശിക ഭംഗികൾ, കാലാവസ്ഥ, വാണിജ്യ വിഭവങ്ങൾ തുടങ്ങി ലോകത്തിന്റെ പ്രിയപ്പെട്ട എത്ര എത്ര കാര്യങ്ങൾ. കുരുമുളക് കൊണ്ടുപോയ വൈദേശിക ശക്തികളോട് ഞങ്ങളുടെ തിരുവാതര ഞാറ്റുവേല നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ എന്ന് പറഞ്ഞ രാജാവിന് ഓർമ്മ വരുന്നു. അത്രമേൽ അനുഗ്രഹീതരാണ് നമ്മൾ. കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്ക് മുന്നിൽ ഒരേസമയം വെല്ലുവിളിയും സാധ്യതകളുമാണ് ഇവ.
സാമാന്യത്തിലധികം വായനയും ചിന്തയുമുള്ള സതീശൻ സാറിന് ഈ കാര്യങ്ങളെല്ലാം എന്നെക്കാൾ നന്നായിട്ട് അറിയാം എന്ന് എനിക്ക് ഉറപ്പുണ്ട്.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആയ സതീശൻ സാർ നെഹ്റുവിനെ പോലെ വലിയൊരു ഡ്രീമർ ആവാതെ തരമില്ല. അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് ഞാൻ പ്രത്യാശിക്കുന്നു. അത്തരം ഒരു നാടിനെ സൃഷ്ടിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
കേരളം നേരിടുന്ന പല വെല്ലുകളെ കുറിച്ച് മുമ്പ് ഞാൻ എന്റെ ബ്ലോഗുകളിൽ എഴുതിയിട്ടുണ്ട്. എന്നോട് തന്നെയുള്ള സംസാരങ്ങളായിരുന്നു ആ എഴുത്തുകൾ. ശുചിത്വം, പൗരബോധം, റോഡ് സംസ്കാരം, നിശബ്ദരായ മനുഷ്യരുടെ സഹനങ്ങൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ. പരിസര ശുചിത്വത്തെ കുറിച്ച് ഞാൻ എപ്പോഴും പറയാറുള്ളതാണ്. മഴയും മഞ്ഞും വെയിലും മാറി മാറി വരുമ്പോൾ എത്രയെത്ര രോഗങ്ങളാണ് കേരളത്തിൽ താവളം അടിക്കാറുള്ളത്. ഇതിന് പലതിനും കാരണക്കാർ നമ്മൾ തന്നെയാണ് എന്നതാണ് ശരി.
ഒരു യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ മനുഷ്യർ കേരളത്തിലെ റോഡുകളിൽ ഒരു വർഷം മരിക്കുന്നു എന്ന് ഞാൻ ഞെട്ടലോടെ ഒരിടത്ത് വായിച്ച കാര്യം ഞാൻ ഓർക്കുന്നു. മരിച്ചവരെക്കാൾ അധികമാണ് ഗുരുതരമായ പരിക്കേറ്റ് വീടുകളിലേക്ക് ഒതുങ്ങി ജീവിതം തകർന്നു കഴിയുന്നവർ. ഈ രണ്ടു കാര്യങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എന്റെ ആകുലതകളായി വെക്കുകയാണ്. ആളെ കൊല്ലുന്ന റോഡുകളിൽ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അത് വലിയ ഒരു ചുവടുവെപ്പായിരിക്കും.
മറ്റൊന്ന് മയക്ക് മരുന്നാണ്. ‘നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ മയക്കുമരുന്ന് ഒഴുകുകയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്കൂൾ കവാടത്തിൽ വരെ മയക്കുമരുന്ന് എന്ന വിപത്ത് എത്തിയിരിക്കുന്നു. ഉരുക്കു മുഷ്ടിയും ദൃഢ നിശ്ചയവുമായി സർക്കാർ മുന്നിൽ നിന്നാൽ മയക്കു മരുന്ന് എന്ന വിപത്തിനെ നമുക്ക് തുടച്ചു നീക്കാൻ സാധിക്കും. അതിനുള്ള കരുത്ത് ഈ ഗവൺമെന്റിനുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരുമായും സൗഹൃദം നിലനിർത്തുന്ന ആളാണ് ഞാൻ. കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് എന്നെ എപ്പോഴും നയിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാ ജനങ്ങളുടേതുമാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും മാത്രമായി ഇവിടെ വിപ്ലവങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല എന്നും എനിക്കറിയാം.
അവകാശങ്ങൾക്കൊപ്പം വരുന്ന നിഴലാണ് കടമകൾ. ഒരു കലാകാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എന്നത്തെയും പോലെ സതീശൻ സാറിനും അദ്ദേഹത്തിന്റെ സർക്കാരിനും ഞാൻ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ ഒരുപാട് കരങ്ങൾ പ്രിയപ്പെട്ട സതീശൻ സാറിനോടൊപ്പമുണ്ട്. എന്തിനും തയ്യാറായി ഞങ്ങൾ കേരളീയർ താങ്കൾക്കൊപ്പമുണ്ട്. ധീരമായി ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുക. നമുക്ക് ഒന്നായി ഈ കേരളത്തെ മാറ്റിയെടുക്കാം, അതിന്റെ പരാധീനതകളെ മറികടക്കാം.
പറവൂർ എന്ന് പറഞ്ഞാൽ ഞങ്ങൾ സിനിമാക്കാർക്ക് പറവൂർ ഭരതൻ ചേട്ടനാണ്. കേരളത്തിന്റെ ചരിത്രം വന്ന് സന്ധിക്കുന്ന ദേശമാണിത്. ഇവിടെ വന്ന് ഇത്രയും മഹനീയമായ ഒരു ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. വിഡി സതീശൻ സാർ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ എന്റെ മനസ്സിൽ ആധുനിക സിംഗപ്പൂരിന്റെ സൃഷ്ടാവായ ലീ ക്വാൻ യുവിന്റെ ജീവിതം തെളിഞ്ഞു. ഞാൻ നിരന്തരം യാത്ര പോകുന്ന ഒരു രാജ്യമാണ് സിംഗപ്പൂർ. എനിക്ക് അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.
ലീ മരിച്ചിട്ട് 11 വർഷമായി. ഇപ്പോഴും അവിടുത്തെ സൗഹൃദ സദസ്സുകൾ ഒരു തവണയെങ്കിലും അദ്ദേഹത്തെ ഓർക്കാതെ പിരിയാറില്ല. ചിലർ അദ്ദേഹത്തെ ഓർത്ത് കരയുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഒരു ഭരണാധികാരി ജനങ്ങളുടെ ഹൃദയത്തിന്റെ ഭാഗമാകുന്നത് സിംഗപ്പൂരിൽ പോകുമ്പോൾ ഞാൻ ഇപ്പോഴും കാണുന്നു. അറിവ്, ലോകാനുഭവങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ സ്വാംശീകരിക്കാനുള്ള കഴിവ്, നാടിനോടും മനുഷ്യരോടുമുള്ള ആത്മാർത്ഥമായ സ്നേഹവും സത്യസന്ധതയും കഠിനാധ്വാനവും സമർപ്പണവും - ഇവയെല്ലാം ലീ യിൽ ഒത്തുചേർന്നിരുന്നു. യാഥാർഥ്യവും സ്വപ്നങ്ങളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. തീർച്ചയായും ബഹുമാനപ്പെട്ട സതീശൻ സാർ അവ വായിച്ചിട്ടുണ്ടാവും. ഒരാൾക്ക് മറ്റൊരാൾ ആവാൻ സാധിക്കില്ല എന്ന് എനിക്കറിയാം.
എപ്പോഴും ജാഗ്രതയോടെ ലോകത്തെയും ജീവിതത്തെയും വീക്ഷിക്കുകയും ഒരു വിദ്യാർത്ഥിയെ പോലെ നിരന്തരം പഠിക്കുകയും ചെയ്യുന്നു. ഞാൻ മനസ്സിലാക്കുന്ന നമ്മുടെ മുഖ്യമന്ത്രിക്ക് ലീ ക്വാൻ യുവിനെ പോലെ സ്വപ്നം കാണാനും കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളത്തെ സൃഷ്ടിക്കാനും സാധിക്കട്ടെ. അതിന് എല്ലാ പിന്തുണയുമായി സാധാരണക്കാരായ ഞങ്ങളുണ്ട്, ഈ ഞാനുണ്ട്, നമ്മളുണ്ട്. വിഡി സതീശൻ സാറിന് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ആശംസ ചൊരിയുന്നു’ -മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.