'ഇനിയും മാറാട് മാന്തിപൊളിക്കുന്നത് മനപ്പൂർവം, കലാപം നടക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമി എൽ.ഡി.എഫിനൊപ്പം, തെളിവുണ്ട്'; എം.എൻ.കാരശ്ശേരി

കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവ് എ.കെ.ബാലന്റെ ജമാഅത്തെ ഇസ്‌ലാമി വിമർശനങ്ങളിൽ പ്രതികരണവുമായി പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രഫ.എം.എൻ.കാരശ്ശേരി.

ഒന്നും രണ്ടും മാറാട് കലാപം നടക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമി എൽ.ഡി.എഫിനൊപ്പമായിരുന്നെന്നും തെളിവ് നൽകാൻ തനിക്ക് കഴിയുമെന്നും എം.എൻ.കാരശ്ശേരി പറഞ്ഞു. ഒരു ചാനൽ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുൻ നിയമമന്ത്രി എ.കെ.ബാലനോട് ഒരു കാര്യം ഓർമിപ്പിക്കേണ്ടതുണ്ട്. ഒന്നും രണ്ടും മാറാട് കലാപം നടക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമി എൽ.ഡി.എഫിന്റെ കൂടെയാ. ഞാൻ തെളിവ് തരാം. 2003 ലാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശം ഉണ്ടായത്. 2006ലാണ് സദ്ദാം ഹുസൈനെ അവിടെത്തെ പാവ സർക്കാർ തൂക്കിലേറ്റിയത്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ എന്ന് പറഞ്ഞ് തിരശ്ശീലക്കപ്പുറത്ത് സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം കൈകോർത്തിരുന്നു. അത് ബാലൻ മറന്ന് പോയതാണ്. ഏതാണ്ട് പത്ത് കൊല്ലത്തോളം അവരുടെ കൂടെയാണ് സി.പി.എം. സി.പി.എമ്മിന്റെ ഒരു രീതി എന്നത്, ഒരിക്കലും തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയില്ല. കംപ്യൂട്ടർ വന്നപ്പോൾ അവർ എതിർത്തു. അന്നത്തെ മുദ്രാവാക്യം എന്റെ കാതിലുണ്ട്. കംപ്യൂട്ടറിനെതിരെ പറഞ്ഞതൊന്നും അവർ അംഗീകരിക്കില്ല. അതാണ് അവരുടെ രീതി.

മാറാട് കലാപ സമയത്തെല്ലാം ജമാഅത്തെ ഇസ്‌ലാമി എൽ.ഡി.എഫിന്റെ കൂടെയാണെന്ന് ദേശാഭിമാനി വെച്ച് നമുക്ക് തെളിയിക്കാൻ പറ്റും. പക്ഷേ, അത് അവരെ കൊണ്ട് സമ്മതിപ്പിക്കാൻ പറ്റില്ല. സാധാരണ മാർക്സിസ്റ്റുകാരെ കുറിച്ച് പറയാറുള്ളത്, തോൽപ്പിക്കാനല്ല പ്രയാസം, തോറ്റു എന്ന് അവരെ കൊണ്ട് സമ്മതിപ്പിക്കാനാണ്  എന്നതാണ്. ഒരോദിവസവും, ഒന്നുകിൽ വെള്ളാപ്പള്ളി, അല്ലെങ്കിൽ മുഖ്യമന്ത്രി, അല്ലെങ്കിൽ ബാലൻ, അല്ലെങ്കിൽ ഗോവിന്ദൻ മാഷ് ഇവരൊക്കെ ഇവിടെ സാമുദായികമായി ചേരിതിരിവ് ഉണ്ടാക്കുകയാണ്. രാഷ്ട്രീയമാകുമ്പോൾ ആരെങ്കിലും ഒരു കൂട്ടർ ജയിക്കും, തോൽക്കും. പക്ഷേ, ഇത്തരം വർത്തമാനങ്ങളും ചർച്ചകളും ഉൽപാദിപ്പിക്കുന്ന മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങാൻ പോകുന്നില്ല. ഇനിയും മാറാട് മാന്തിപൊളിക്കുന്നത് മനപ്പൂർവം ചെയ്യുന്നതാണ്.'- എം.എൻ.കാരശ്ശേരി പറഞ്ഞു.

യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്നും അപ്പോൾ പലമാറാടുകളും ആവർത്തിക്കുമെന്നുമാണ് ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

‘ഏതെങ്കിലും സാഹചര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ, രണ്ടു ദിവസംകൊണ്ട് അവരെ ബി.ജെ.പിയായി മാറും. യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കും. ​അപ്പോൾ പലമാറാടുകളും ആവർത്തിക്കും. അതിനു പറ്റിയ സമീപനാമാണ് ലീഗും, ആർ.എസ്.എസും സ്വീകരിക്കുന്നത്. ഒന്നാം മാറാടും, രണ്ടാം മാറാടും സംഭവിച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമി നോക്കി നിന്നു. അവിടെ ജീവൻ കൊടുത്ത് നേരിട്ടത് എന്റെ പ്രസ്ഥാനമാണ്’ -എ.കെ ബാലൻ പറഞ്ഞു.

കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആർ.എസ്.എസും ജമാഅത്തും പാലക്കാട് കലാപത്തിന് ശ്രമിച്ചെന്നും എ.കെ ബാലൻ ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എ.കെ ബാലൻ അഭിനവ ഗീബൽസ് ആകരുത്’-പി. മുജീബുറഹ്മാൻ

തിരുവനന്തപുരം: ബി.ജെ.പി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മാറാട് കാലപത്തെ ആയുധമാക്കാൻ സി.പി.എം ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ.

മാറാട് കലാപത്തിന്റെ മുറിവുണക്കാൻ ശ്രമിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമി. അന്നത്തെ അമീർ സിദ്ദീഖ് ഹസ്സനാണ് മാറാട് സന്ദർശിച്ച് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതിന് മുന്നിൽ നിന്നത്. കേരളം മറക്കാൻ ആഗ്രഹിക്കുന്ന മുറിവാണ് മാറാട്. മുതിർന്ന സി.പി.എം നേതാവായ എ.കെ ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നും പി.മുജീബുറഹ്മാൻ പറഞ്ഞു.

സി.പി.എം കേന്ദ്ര ​കമ്മിറ്റി അംഗം കൂടിയായ എ.കെ ബാലന്റെ പ്രസ്താവനയോടുള്ള മറുപടിയായാണ് ജമാഅത്തെ ഇസ്‍ലാമി അമീർ വാർത്താ സമ്മേളനത്തിൽ ശക്തമായി തുറന്നടിച്ചത്.

‘വെള്ളാപ്പള്ളിയെ പുറത്തും, എ.കെ ​ബാലനെ അകത്തും നിർത്തിയുള്ള വർഗീയ വിഷം ചീറ്റൽ പ്രബുദ്ധ കേരളം വിവേകത്തോടെ തിരിച്ചറിയുന്നുണ്ടെന്ന് സി.പി.എം മനസ്സിലാക്കണം. ജമാഅത്തെ വിമർശിക്കാം, പക്ഷേ, കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമിക്കരുത്.’ -തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി അമീർ പറഞ്ഞു.

‘മാറാട്ക ലാപത്തിന്റെ മുറിവുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കലാപങ്ങൾ നടക്കുന്ന എല്ലായിടത്തും അതിനെ തണുപ്പിക്കാൻ മുന്നിൽ നിന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. 75 വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം. സമൂഹത്തിന് ഉപകാരപ്പെടാത്ത ഒരു പ്രവർത്തനവും നടത്തുന്നില്ല. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹ്യ മൂല്യങ്ങൾ അനുസരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്നു’ -പി. മുജീബുറഹ്മാൻ പറഞ്ഞു.

Tags:    
News Summary - M.N. Karassery sharply criticizes CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.