രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നില്‍ ഇ.പി ജയരാജൻ- എംഎം ഹസന്‍


കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസൻ. മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് അനുസരിച്ച് ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത അക്രമമാണ് വയനാട്ടിലെ ഓഫീസിലേക്ക് എസ്.എഫ്‌.ഐക്കാര്‍ നടത്തിയത്. ജൂണ്‍ 21-ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.

അന്നുതന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്തു. തൊട്ടുപിന്നാലെയാണ് 24-ന് എസ്എഫ്‌ഐക്കാര്‍ അക്രമം നടത്തിയത്. കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറു വാരിക്കുന്നത് പോലെ കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും ഇ.പി ജയരാജനും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്നും ഹസൻ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മർദിച്ചു. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡി.വൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസ് ഈ അക്രമത്തിനെതിരെ നിസാര വകുപ്പിട്ട് കേസെടുത്താല്‍ യുഡിഎഫ് നിയമത്തിന്റെ വഴിയേ നീങ്ങും.എസ്.എഫ്‌.ഐക്കാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുക്കേണ്ടത്. ദേശീയ തലത്തില്‍ ബി.ജെ.പി രാഹുല്‍ ഗാന്ധിയെ വേട്ടയാടുമ്പോള്‍ തങ്ങളും ഒപ്പമുണ്ടെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് കേരളത്തിലെ സി.പി.എമ്മിന്. അതിന്റെ ഭാഗമായാണ് ഈ അക്രമങ്ങളെല്ലാം.

മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് വിധേയമായി ബി.ജെ.പിയെ പ്രീതിപ്പെടുത്താനും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനുമാണ് ശ്രമം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയിലെ കര്‍ഷകരെയും ജനങ്ങളെയും സഹായിക്കാനായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിച്ച് 2019 ഒക്ടോബര്‍ 23ന് പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാനത്തിന് അനുസൃതമായാണ് സുപ്രീംകോടതി വിധിയുണ്ടായത്. എന്നിട്ടും ക്ലിഫ്ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താതെ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടത്തിയത് തികച്ചും ആസൂത്രിതമാണ്. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - MM Hasan blames EP Jayarajan for Rahul Gandhi's office attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.