പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പിരിഞ്ഞു; പ്രതിപക്ഷ എം.എൽ.എമാർ നിരാഹാര സമരത്തിൽ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാംദിനവും നിയമസഭ സ്തംഭിച്ചു.  കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കേരള കോണ്‍ഗ്രസ്-ജേക്കബിലെ അനൂപ് ജേക്കബ് എന്നിവരാണ് സത്യഗ്രഹമാരംഭിച്ചത്. മുസ്ലിം ലീഗിലെ എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവര്‍ അനുഭാവ സത്യഗ്രഹവും തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷാളണിയിച്ച ഇവര്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം സഭാ കവാടത്തില്‍ കുത്തിയിരുന്നു. ചോദ്യോത്തരവേളയിലും ശൂന്യവേളയിലും മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ നിലയുറപ്പിക്കുകയായിരുന്നു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കാത്തതോടെയാണ് അവര്‍ നടുത്തളത്തിലത്തെിയത്.  

ഫോട്ടോ: ഹാരിസ് കുറ്റിപ്പുറം

ശൂന്യവേളയുടെ തുടക്കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മൈക്ക് നല്‍കിയെങ്കിലും നടുത്തളത്തിലുള്ള പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ പോകണമെന്നും സംസാരവും സമരവും കൂടി നടക്കില്ളെന്നും സ്പീക്കര്‍ അറിയിച്ചു. തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ വിമര്‍ശിച്ച ചെന്നിത്തല കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ആറുതവണ ചോദ്യത്തര വേളയില്‍ സംസാരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. സ്പീക്കറുടെ നടപടി ദൗര്‍ഭാഗ്യകരമാണ്. ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും പറയാന്‍ പാടില്ലാത്തതാണ് പിണറായി സഭയില്‍ പറഞ്ഞത്.

വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി പോലും അപമാനിച്ചിരുന്നു. എന്നാല്‍  ഇപ്പോഴത്തെ മുഖ്യമന്ത്രിയെപ്പോലെ  ഉമ്മന്‍ ചാണ്ടിയും ഞങ്ങളും അന്ന് പ്രകോപിതരായില്ല. സ്പീക്കര്‍ ഇടപെട്ടതോടെ എന്തിന് ബഹളമുണ്ടാക്കുന്നെന്നായി ചെന്നിത്തല. അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂരാണ് നോട്ടീസ് നല്‍കിയതെന്നും ഏത് ചട്ടപ്രകാരമാണ് ചെന്നിത്തല സംസാരിക്കുന്നതെന്നും അത് രേഖയില്‍നിന്ന് ഒഴിവാക്കണമെന്നും മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ വീണ്ടും നടുത്തളത്തിലേക്ക് നീങ്ങി. തുടര്‍ന്ന് ചെന്നിത്തല സഭയിലെ സമരം പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവിന്‍െറ മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ തെറ്റായ നടപടി അവസാനിപ്പിക്കണമെന്നും ശക്തമായ സമരവുമായി മന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സഭ തടസ്സപ്പെടുന്ന സാഹചര്യമാണെന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ സഭ നടക്കുമെന്ന് മന്ത്രി  ബാലന്‍ തിരുത്തി. ഇതോടെ കെ.എം. മാണി വാക്കൗട്ട് പ്രഖ്യാപിച്ച് പുറത്തുപോയി. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി ധനാഭ്യര്‍ഥന ചര്‍ച്ച കൂടാതെ പാസാക്കി 9.51 ഓടെ നിയമസഭ പിരിഞ്ഞു.

Tags:    
News Summary - mlas strike at niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.