മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിൽ നിന്ന് കണ്ടെത്തിയ പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിൽ എണ്ണാതെ മാറ്റിവെച്ച സ്പെഷൽ ബാലറ്റ് കവറും അനുബന്ധ രേഖകളും സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ സാന്നിധ്യത്തിൽ പെരിന്തൽമണ്ണ സബ് കലക്ടറുടെ
ഓഫിസിലേക്ക് മാറ്റുന്നു -മുസ്തഫ അബൂബക്കർ
മലപ്പുറം/പെരിന്തൽമണ്ണ: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫ ഹൈകോടതിയിൽ നൽകിയ കേസിലെ നിർണായക തെളിവുകളിലൊന്നായ തപാൽ വോട്ടുകൾ സൂക്ഷിച്ച രണ്ടു പെട്ടികളിൽ ഒന്ന് കാണാതായി. പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ര്ടോങ് റൂമിൽ സൂക്ഷിച്ച പെട്ടിയാണ് കാണാതായത്. സംഭവത്തിൽ വിവാദം പടരുന്നതിനിടെ പെട്ടി മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിലുണ്ടെന്ന വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കണ്ടെത്തുകയായിരുന്നു.
തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിന്റെ ഭാഗമായി തപാൽ വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ ഹൈകോടതിയിലേക്ക് മാറ്റാൻ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പെട്ടികൾ സൂക്ഷിച്ച പെരിന്തൽമണ്ണ സബ്ട്രഷറി ഓഫിസിലെത്തി സ്ര്ടോങ് മുറി തുറന്ന് ബോധ്യംവരുത്തി 16ന് ഇവ ഹൈകോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 7.15ഓടെ വീണ്ടും സ്ട്രോങ് റൂം തുറന്നപ്പോഴാണ് പെട്ടികളിലൊന്ന് കാണാനില്ലെന്നറിയുന്നത്. ഈ പെട്ടി മലപ്പുറം സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചക്ക് 12.45ഓടെയാണ് സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തെത്തിയത്. പരിശോധനയിൽ സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ബാലറ്റ് പെട്ടി കണ്ടെത്തി. ഇതോടൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചു. ഉച്ചക്ക് തുടങ്ങിയ പരിശോധന രാത്രി ഏട്ട് മണിവരെ നീണ്ടു. ബാലറ്റ്പെട്ടി കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സബ് കലക്ടർ ബന്ധപ്പെട്ട മേലധികാരികൾക്ക് സമർപ്പിക്കും. സബ് കലക്ടറുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ്പെട്ടിയും മറ്റ് രേഖകളും ചൊവ്വാഴ്ച രാവിലെ 10ന് ഹൈകോടതിയിൽ ഹാജരാക്കും.
സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ മലപ്പുറത്തേക്ക് മാറ്റിയപ്പോൾ അതിൽ നിയമസഭ തെരഞ്ഞെടുപ്പിലെ പെട്ടി ഉൾപ്പെട്ടതാവാമെന്നാണ് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസറുടെ വിശദീകരണം. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പരിഗണിച്ചാണ് ഫലം പ്രഖ്യാപിച്ചതെന്നും ഈ വോട്ടുകൂടി എണ്ണണമെന്നും കാണിച്ചാണ് കെ.പി.എം. മുസ്തഫ ഹൈകോടതിയെ സമീപിച്ചത്. ക്രമ നമ്പരില്ലാത്തതും ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.