മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിലെ അന്വേഷണ ചുമതല മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീറിന് കൈമാറി. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയ കേസാണ് പ്രാഥമികാന്വേഷണം തുടങ്ങിയതിന് പിന്നാലെ ഡിവൈ.എസ്.പിക്ക് കൈമാറാൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണ ഫയലുകൾ ഡിവൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചെന്നും തിങ്കളാഴ്ച മുതൽ വിശദമായ അന്വേഷണം തുടങ്ങുമെന്നും ഡിവൈ.എസ്.പി അബ്ദുൽ ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു. സങ്കീർണമായ കേസായതിനാൽ ഫയലുകൾ കൂടുതൽ പഠിക്കാനുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ഉടൻ വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച പെരിന്തൽമണ്ണ പൊലീസാണ് കേസിൽ ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി. ബാബുവിന് അന്വേഷണ ചുമതല നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണഭാഗമായി തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ 134, 136 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ എണ്ണാതെ മാറ്റിവെച്ച നിർണായക വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ പെരിന്തൽമണ്ണയിൽനിന്ന് കാണാതാവുകയും പിന്നീട് മലപ്പുറത്ത് സഹകരണ ജോയന്‍റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് കണ്ടെത്തുകയും ചെയ്ത സംഭവം വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.