മണ്ണൂർ ചോലക്കുന്നിൽ എട്ട് വർഷമായി പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്ന നാലംഗ കുടുംബം
മണ്ണൂർ: ശക്തമായൊരു കാറ്റുമതി ഈ കുടുംബത്തിന്റെ അഭയമില്ലാതാക്കാൻ. മാനം കറുത്താൽ ജയപ്രകാശനും ഭാര്യ ബിന്ദുവിനും ആധിയാണ്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷീറ്റിന് താഴെ ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കണം. ഇടക്ക് വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന മേൽക്കൂരക്കടിയിൽ പാത്രങ്ങൾവെച്ച് രണ്ട് പെൺമക്കളുറങ്ങുന്നത് നോക്കിയിരിക്കണം. എട്ടുവർഷമായി രണ്ടു വിദ്യാർഥിനികളടക്കമുള്ള നാലംഗകുടുംബം കുടിലിൽ ദുരിതം പേറി കഴിയുകയാണ്.
മണ്ണൂർ ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ ചോലക്കുന്നിലാണ് പത്താംതരത്തിലും പ്ലസ് ടുവിലും പഠിക്കുന്ന രണ്ട് പെൺമക്കളുമായി ഈ കുടുംബം കഴിയുന്നത്. പഠിക്കാൻ മിടുക്കികളാണ് മക്കൾ. മഴയിൽ പ്ലാസ്റ്റിക് മേൽക്കൂര ചോരുന്നതോടെ മക്കളുടെ പഠനംപോലും പ്രതിസന്ധിയിലാവും.
വേനലിൽ കനത്തചൂടും. എങ്കിലും ഈ കൂരയിലിരുന്ന് തോൽക്കാൻ മനസില്ലാതെ പഠിച്ചതിന്റെ എ പ്ലസുകൾ നിറഞ്ഞു നിൽക്കുന്നതാണ് രണ്ടുപെൺമക്കളുടെയും സർട്ടിഫിക്കറ്റുകൾ. സർക്കാർ ഭവനപദ്ധതിയിൽ അപേക്ഷ നൽകി വീടിന് വേണ്ടിയുള്ള കാത്തിരിപ്പാണ് കുടുംബം.
ജയപ്രകാശൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ ജീവിതം മുന്നോട്ടു പോകുന്നത്. ലൈഫ് പദ്ധതി പട്ടികയിൽ അവസാനമായാണ് ഇവരുടെ പേരുള്ളത്. മഴക്കാലത്തിന് മുമ്പെങ്കിലും കിടപ്പാടം സജ്ജമാക്കാൻ സഹായം തേടി കലക്ടർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.