വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ന്യൂനപക്ഷ കമീഷന് അധികാരമില്ല -ഹൈകോടതി

കൊച്ചി: വിവിധ മേഖലകളിൽ ന്യൂനപക്ഷ ശാക്തീകരണത്തിന് നടപടിയെടുക്കാമെന്നല്ലാതെ, വ്യക്തികളെ കുടിയൊഴിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമീഷന് അധികാരമില്ലെന്ന് ഹൈകോടതി. സിവിൽ കോടതിയുടെ അധികാരത്തിൽ കൈകടത്താൻ കമീഷന് കഴിയില്ല. വ്യക്തികളെ കുടിയിറക്കാനുള്ള അധികാരം സംബന്ധിച്ച് നിയമത്തിൽ പറയുന്നില്ല. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമീഷനെ നിയമിച്ചത്. നിശ്ചിത വിഷയങ്ങളിൽ സർക്കാറിന് ശിപാർശ നൽകാനുള്ള അധികാരം മാത്രമാണ് കമീഷനുള്ളതെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ കമീഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവിനെതിരെ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഈ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞു നൽകുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുൽ സലാം നൽകിയ പരാതിയിലാണ് ന്യൂനപക്ഷ കമീഷൻ ഇടപെട്ടത്. അതേസമയം, ബലപ്രയോഗവും സ്വാധീനവും ചെലുത്തിയാണ് രജിസ്ട്രേഷൻ നടത്തിയതെന്നാണ് ഹരജിക്കാരനായ മൊയ്തീൻകുട്ടിയുടെ വാദം. അതിനാലാണ് ഒഴിയാതിരുന്നത്. എന്നാൽ, പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം ഒഴിഞ്ഞുനൽകുന്നില്ലെങ്കിൽ പരാതിക്കാരൻ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും, പകരം ന്യൂനപക്ഷ കമീഷനെ സമീപിക്കുകയാണ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

സിവിൽ തർക്കം പരിഹരിക്കാൻ ഈ രീതി തെരഞ്ഞെടുത്തതിലൂടെ പരാതിക്കാരൻ കുറുക്കുവഴി തേടുകയായിരുന്നു. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമീഷൻ പരിഗണിക്കരുതായിരുന്നു. ഇക്കാര്യത്തിൽ ഉത്തരവിട്ടെന്ന് മാത്രമല്ല, കുടിയിറക്കാൻ പൊലീസ്, റവന്യൂ അധികൃതർക്ക് കമീഷൻ നിർദേശം നൽകുകയും ചെയ്തു. നിയമത്തിന്റെ ആമുഖത്തിൽതന്നെ കമീഷൻ രൂപവത്കരണത്തിന്‍റെ ലക്ഷ്യങ്ങൾ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടി നിയമപരമല്ലെന്ന് വിലയിരുത്തി കമീഷൻ ഉത്തരവ് കോടതി റദ്ദാക്കിയത്.

Tags:    
News Summary - Minority Commission has no authority to evict individuals - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.