പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം -മുഖ്യമന്ത്രി

തിരുവനന്തപുരം: പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഐ.എം.ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാറിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് മുന്നിലുള്ളത് ജനങ്ങൾ മാത്രമാണ്. അപ്പോൾ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ല. മന്ത്രിമാർക്ക് ജനങ്ങൾക്കിടിൽ പ്രവർത്തിച്ചതിന്റെ വലിയ അനുഭവ പരിചയം ഉണ്ടാവും.

ഭരണപരമായ കാര്യങ്ങളിൽ മന്ത്രിമാരെപ്പോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥർക്ക് മാത്രമായി കാര്യങ്ങൾ നടപ്പാക്കാനാവില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായം നല്ലതാണെന്ന് കണ്ടാൽ അത് മന്ത്രിമാർ സ്വീകരിക്കണം. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യണം. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മന്ത്രിമാർക്ക് ഇത്തരത്തിൽ നല്ല ബന്ധം ഉദ്യോഗസ്ഥരുമായി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലതരം അഭിപ്രായങ്ങൾ വരുമ്പോൾ ഏത് സ്വീകരിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായേക്കാം. അതിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുവേണം മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. എന്നാൽ കാലഹരണപ്പെട്ട ചട്ടങ്ങളുണ്ടാവാം. അപ്പോൾ പുതിയവ വേണ്ടി വരും. ഇതിനാവശ്യമായ നടപടികൾ മന്ത്രിമാർ സ്വീകരിക്കണം. പ്രവർത്തനങ്ങൾക്കിടയിൽ വരുന്ന പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യണം. മുൻ സർക്കാറിന്റെ കാലത്തേതു പോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കണം. നൂറുദിന പരിപാടികൾ നല്ലരീതിയിൽ വിജയിപ്പിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി മിർ മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.

മൂന്നു ദിവസത്തെ പരിശീലനമാണ് ഐ.എം.ജിയിൽ നടക്കുന്നത്. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖർ ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു.എൻ. ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ജനീവയിൽ നിന്ന് ഓൺലൈനിൽ മന്ത്രിമാരുമായി സംവദിച്ചു. ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ.ഐ.എം മുൻ പ്രൊഫസറും മാനേജീരിയൽ കമ്മ്യൂണിക്കേഷൻ കൺസൾട്ടൻറുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിച്ചു.

Tags:    
News Summary - Ministers should give priority to the affairs of the poor says chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.