വി. ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ "ശ്രം ശക്തി നീതി 2025" എന്ന പുതിയ കരട് തൊഴിൽ നയം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപത്തെയും പൂർണ്ണമായും നിരാകരിക്കുന്ന നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനക്ക് പകരം 'മനുസ്മൃതി' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും 'രാജധർമം', 'ശ്രമ ധർമം' തുടങ്ങിയ സങ്കൽപങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്. ഇത് തൊഴിലാളികളെ 'അവകാശങ്ങളുള്ള പൗരന്മാർ' എന്ന നിലയിൽ നിന്ന് 'വിധേയത്വമുള്ള അടിയാളർ' എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്. ജാതി അധിഷ്ഠിത തൊഴിൽ വിഭജനത്തെ ന്യായീകരിക്കുന്ന ഇത്തരം ആശയങ്ങൾ തിരികെ കൊണ്ടുവരുന്നത് സാമൂഹ്യനീതിക്ക് എതിരാണ്.
തൊഴിലും തൊഴിൽ ക്ഷേമവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയമാണ്. എന്നാൽ, കരട് നയം സംസ്ഥാനങ്ങളെ പൂർണ്ണമായും നോക്കുകുത്തികളാക്കുന്നു. 'ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് പോളിസി ഇവാലുവേഷൻ ഇൻഡക്സ്' പോലുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാനും കേന്ദ്രത്തിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കാനും ഇത് വഴിവെക്കും. ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.
തൊഴിലാളികളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ തൊഴിൽ സുരക്ഷ, മാന്യമായ മിനിമം വേതനം, സ്ഥിരം തൊഴിൽ എന്നിവയെക്കുറിച്ച് ഈ നയം പൂർണ്ണമായും മൗനം പാലിക്കുന്നു. തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തെ "തൊഴിൽ ദാതാവ്" എന്ന ഓമനപ്പേരിൽ ഒതുക്കുന്നത് എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ്. ഇത് തൊഴിൽ ചൂഷണം വർധിപ്പിക്കാൻ മാത്രമേ സഹായിക്കൂ.
തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കരട് നയം ഉടനടി പിൻവലിക്കണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച ചെയ്ത് പുതിയ നയം രൂപീകരിക്കണമെന്നും കേരള സർക്കാർ ആവശ്യപ്പെടുന്നുവെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.