കലോത്സവ വേദിയിലും രാഹുൽ മാങ്കൂട്ടത്തിലിനെ വിഷയമാക്കി മന്ത്രി ശിവൻകുട്ടി

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയ്ക്ക് കലോത്സവ വേദിയിലും ഐക്യദാർഢ്യം. രാഹുലിനെ അറസ്റ്റ് ചെയ്തപ്പോൾ അതിജീവിത ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ കലോത്സവ വേദിയിൽ മന്ത്രി വി. ശിവൻകുട്ടി എടുത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൈയിൽ പിടിച്ച ഗ്ലാസിൽ എഴുതിയ വാചകം എന്ന മുഖവുരയോടെയാണ് ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന് മന്ത്രി പറഞ്ഞത്.

‘കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൈയ്യിൽ പിടിച്ച ഗ്ലാസിൽ എഴുതിയ വാചകം വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്. "ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക്". അതേ, നിസ്സീമമായ സ്നേഹം നിങ്ങളോട് ഓരോരുത്തരോടും ഞങ്ങൾ പങ്കുവെക്കുന്നു. നിങ്ങളാണ് ഈ നാടിന്റെ ഭാവി. എല്ലാവിധ വേർതിരിവുകൾക്കും അതീതമായി കലയുടെ ഈ വസന്തോത്സവം നമുക്ക് നെഞ്ചിലേറ്റാം’ -മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് എൽ.ഡി.എഫിന്റെ പ്രതിഷേധ പരിപാടിയിലാണ് അതിജീവിതയുടെ വാക്കുകൾ അച്ചടിച്ച ചായക്കപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചത്. ആ കപ്പിൽ എഴുതിയ വാക്കുകൾ നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ന് കലോത്സവ വേദിയിൽ അധ്യക്ഷനായിരുന്ന മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചത്.

ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല കലയുടെ ധര്‍മ്മമെന്ന് കലോത്സവം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കു ഞെട്ടിച്ചുണര്‍ത്തല്‍ കൂടിയാവണം കലയുടെ ധര്‍മ്മം. സാമൂഹ്യ വ്യവസ്ഥിതി പൊളിച്ചെഴുതുന്നതില്‍ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തില്‍ നിന്നു നിങ്ങള്‍ മനസ്സിലാക്കണം.

ഓരോ കാലത്തും ഏറ്റവും മികച്ച ചില കലാകാരന്മാര്‍ക്കു പോലും അവരുടെ ജാതിയും മതവും പ്രശ്‌നമായിരുന്നിട്ടുണ്ട്. തൃശൂര്‍ ജില്ലക്കാരനായ വലിയൊരു ഗായകനായിരുന്നല്ലോ കലാമണ്ഡലം ഹൈദരാലി. കലാമണ്ഡലത്തില്‍ ചേര്‍ന്ന് അദ്ദേഹം കഥകളി സംഗീതം പഠിച്ചു. കഥകളി ഹിന്ദുക്കളുടെ, പ്രത്യേകിച്ച് സവര്‍ണ ജാതിക്കാരുടെ കലയാണെന്ന് കരുതിയ ചില യാഥാസ്ഥിതികര്‍ അദ്ദേഹത്തെ വിലക്കാന്‍ നോക്കി. ചില ക്ഷേത്രക്കമ്മിറ്റിക്കാര്‍ അന്യമതസ്ഥനെന്നാരോപിച്ച് അദ്ദേഹത്തെ അകത്തു കയറ്റിയില്ല. ഒരിടത്ത് കഥകളി നടന്മാര്‍ മതിലിനകത്ത് സ്റ്റേജില്‍ ആടുമ്പോള്‍ പാട്ടുകാരനായ ഹൈദരാലിക്കായി മതിലിന്റെ ഒരു ഭാഗം പൊളിച്ച് മതിലിന് പുറത്തായി ഹൈദരാലിക്ക് നിന്ന് പാടാന്‍ പ്രത്യേക ഇടം ഒരുക്കുകയുണ്ടായി. തന്റെ ആത്മകഥയില്‍ ഇത്തരം ദുരനുഭവങ്ങള്‍ അദ്ദേഹം സങ്കടത്തോടെ വിവരിച്ചിട്ടുണ്ട്.

ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. അദ്ദേഹം നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നു പോയതിന്റെ പേരില്‍ അപമാനിതനാകുന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം നിരവധി ക്ഷേത്രങ്ങള്‍ സന്തോഷത്തോടെ അദ്ദേഹത്തെ പാടാന്‍ അകത്തു കയറ്റിയിട്ടുമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അകത്തിരുന്ന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഷഹനായി വായിച്ചിരുന്ന കാര്യം ഹൈദരാലി എടുത്തു പറഞ്ഞിരുന്നു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം എന്ന് കണക്കാക്കുക.

കേരളത്തില്‍ ഏറ്റവും അധികം പേര്‍ ഏറ്റുപാടിയ മാപ്പിളപ്പാട്ട് നീലക്കുയില്‍ എന്ന സിനിമയിലെ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ' എന്നു തുടങ്ങുന്ന പാട്ടായിരിക്കും. ഇത് എഴുതിയത് തൃശ്ശൂര്‍ ജില്ലക്കാരനായ പി ഭാസ്‌കരന്‍ മാഷാണ്. സംഗീതം നല്‍കി പാടിയത് ആകട്ടെ കെ രാഘവന്‍ മാഷും. ഒരുകാലത്ത് മുസ്‍ലിംകള്‍ മാത്രം പാടിയിരുന്ന മാപ്പിളപ്പാട്ട് ശീലിലുള്ള ഗാനത്തെയാണ് മുസ്‍ലിംകള്‍ അല്ലാത്ത ഇവര്‍ ജനകീയമാക്കിയത്. സിനിമയില്‍ ഏറ്റവുമധികം മാപ്പിളപ്പാട്ടുകള്‍ രചിച്ചത് ഭാസ്‌കരന്‍ മാഷും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചത് വയലാറും ആണ്. മറ്റു മതക്കാരുടെ കൂടി അനുഭൂതികള്‍ സ്വാംശീകരിക്കാനുള്ള വിശാല മനസ്സാണ് നമ്മെ പരിഷ്‌കൃതരും സംസ്‌കാര സമ്പന്നരും ആക്കുന്നത്.

കലയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്. മുസ്‍ലിംകള്‍ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചതു നമ്മള്‍ കണ്ടതാണ്. രാജ്യത്ത് കുട്ടികളുടെ ക്രിസ്മസ് കരോളിനു നേരെ പോലും ആക്രമണം നടത്തുന്നു. യുപിയിലും മറ്റും ക്രിസ്മസ് അവധി എടുത്തുകളഞ്ഞ കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. എവിടെയും മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കും. സിനിമയിലെ കഥാപാത്രങ്ങള്‍ക്കു പോലും ജാനകിയെന്നും സീതയെന്നും മറ്റും പേരിടാന്‍ സമ്മതിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന ഇത്തരം കലാപകാരികളെ ചെറുത്തുതോല്‍പിക്കാനുള്ള നല്ലൊരായുധം കൂടിയാണ് കല. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍ പറത്തി പുതുതലമുറയിലെ പ്രതിഭാശാലികളായ നിങ്ങള്‍ ജാതിയോ മതമോ നോക്കാതെ കലകള്‍ അവതരിപ്പിക്കുക.

കഥകളിയും മാപ്പിളപ്പാട്ടും ഒപ്പനയും മാര്‍ഗംകളിയുമെല്ലാം എല്ലാ മതത്തിലുംപെട്ട കുട്ടികള്‍ ഒന്നിച്ച് അവതരിപ്പിക്കുന്ന നാടെന്ന പ്രത്യേകത നമുക്കുണ്ട്. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണിത്. എക്കാലവും നമുക്ക് അത് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം.

മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും മനസ്സുകളെ ഒന്നിപ്പിക്കുന്ന കലയെ ഉയര്‍ത്തിപ്പിടിക്കാനും നിങ്ങള്‍ക്ക് സാധിക്കട്ടെ. ഈ സ്‌കൂള്‍ കലാമേളയുടെ സന്ദേശം അതായിരിക്കട്ടെ. കലാമേളകളില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. പങ്കെടുക്കാന്‍ കഴിയുന്നു എന്നതിലാണ് സന്തോഷിക്കേണ്ടത്. അതിന്റെ ഭംഗിയെ മത്സരബുദ്ധി കെടുത്താതെ നോക്കണം. കുട്ടികളുടെ മാറ്റുരയ്ക്കലില്‍ രക്ഷാകര്‍ത്താക്കള്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികള്‍ അവരുടെ ലോകത്തു വിഹരിക്കട്ടെ. കലോത്സവങ്ങളില്‍ ഒന്നാം സമ്മാനം നേടിയവര്‍ മാത്രമല്ല പില്‍ക്കാലത്ത് കലാരംഗത്തെ മഹാപ്രതിഭകളായി വളര്‍ന്നിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയവരും ഒന്നും കിട്ടാതിരുന്നവരും ഒക്കെ വലിയ പ്രതിഭകളായി പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന ചരിത്രമാണ് ഇവിടെയുള്ളത്. അതായത്, ഒരു മത്സരം ഒരാളുടെയും കഴിവിന്റെ ആത്യന്തികമായ ഉരകല്ലല്ല.

കലയുടെ വലിയൊരു പ്രത്യേകത, അതിന്റെ അസ്വാദനം വ്യക്തിനിഷ്ഠമാണ് എന്നതാണ്. ഒരാള്‍ക്ക് മികച്ചത് എന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് മികച്ചതാണെന്നു തോന്നണമെന്നില്ല. ഒരാള്‍ക്ക് മോശമെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് മികച്ചത് എന്നു തോന്നുകയും ചെയ്യാം. ജൂറിയുടെ തീര്‍പ്പിനെ ഈ മനോഭാവത്തോടെ വേണം കാണാന്‍. പ്രകടമായ ഏതെങ്കിലും ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാല്‍ അത് അപ്പീല്‍ വഴി പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മത്സരിക്കുന്നത് കുട്ടികളാണെന്നും രക്ഷിതാക്കളല്ലെന്നുമുള്ള ഓര്‍മ്മ വേണം.

കുഞ്ഞുങ്ങളുടേത് ശുദ്ധമായ മനസ്സാണ്. അതിലേക്ക് കാലുഷ്യത്തിന്റെ കണികപോലും കടക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധര്‍മ്മം. ആ കലയെ മറിച്ച് എന്തിനെങ്കിലുമായി ഉപയോഗിച്ചുകൂടാ -മുഖ്യമ​ന്ത്രി പറഞ്ഞു. 

Tags:    
News Summary - Minister Sivankutty in solidarity with rahul mamkootathil case victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.