‘ഗുണ്ടാത്തലവനെ പോലെ വെല്ലുവിളിച്ചു, ബ്ലഡി ഫൂൾ റാസ്കൽ എന്നെല്ലാം വിളിക്കുന്നത് അദ്ദേഹത്തിന്റെ സംസ്കാരം’; ഗവർണ​ർക്കെതിരെ മന്ത്രി ശിവൻകുട്ടി

തൊടുപുഴ: കരിങ്കൊടിയുമായി പ്രതിഷേധിക്കാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ വാഹനത്തിൽനിന്നിറങ്ങി ചീത്ത വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാർഥി സംഘടനയുടെ നേതാക്കളെയാണ് ഗവർണർ ബ്ലഡി ഫൂൾ, റാസ്കൽ എന്നെല്ലാം വിളിച്ചതെന്നും അത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ കലാപമുണ്ടാക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പ്രസിഡന്റ് അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കേരള ഗവർണർ ബ്ലഡി ഫൂൾ, റാസ്കൽ എന്നെല്ലാം കേരളത്തിലെ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാർഥി സംഘടനയുടെ പ്രവർത്തകരെ വിളിച്ചത് അദ്ദേഹത്തിന്റെ സംസ്കാരമാണ്. ഇന്ത്യയിലെ ഒരു ഗവർണറും ചെയ്യാത്ത കാര്യമാണ് കേരള ഗവർണർ ചെയ്തിരിക്കുന്നത്. ഇന്നലെ ഏതാണ്ട് ഒരു ഗുണ്ടാത്തലവൻ ഇറങ്ങി വെല്ലുവിളിക്കുന്നതുപോലെ വെല്ലുവിളിച്ചു. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റ് അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ ഗവർണർ കേരളത്തിൽ കലാപമുണ്ടാക്കും. അതിനുള്ള പരിശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്’ -ശിവൻകുട്ടി പറഞ്ഞു.

‘‘ഏതുവിധ പ്രതിഷേധവും നടത്തുന്നതിനുള്ള അവകാശമുണ്ട്. പക്ഷേ, അത് അതിരുവിട്ടു പോകാൻ പാടില്ലെന്നു മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ. ഇന്നലെ ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കാൻ വന്ന എസ്.എഫ്.ഐക്കാർ കല്ലെറിഞ്ഞില്ലല്ലോ. ഷൂവും എറിഞ്ഞില്ലല്ലോ. അവർ പ്രതിഷേധം നടത്തി. ഞങ്ങൾക്കെതിരെ പ്രതിഷേധം നടക്കുമ്പോൾ ഞങ്ങൾ വാഹനത്തിൽ കടന്നുപോകാറാണ് പതിവ്. നവകേരള യാത്രയുടെ ബസിന് മുന്നിൽ പ്രതിഷേധം നടത്തിയപ്പോഴും ഞങ്ങളങ്ങു പോയി. വേറെയൊന്നും ചെയ്തില്ലല്ലോ. മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങി പ്രതിഷേധക്കാരോട് അടിക്കാൻ ഇങ്ങു വാ, ധൈര്യമുണ്ടെങ്കിൽ മുന്നോട്ടു വാ, നിങ്ങളെ പറഞ്ഞുവിട്ടിരിക്കുന്നത് ആരാണ് എന്ന് എനിക്കറിയാം എന്നൊന്നും പറഞ്ഞില്ലല്ലോ. അതെല്ലാം പറഞ്ഞിരിക്കുന്നത് ഗവർണറല്ലേ. തികച്ചും ജനാധിപത്യവിരുദ്ധവും മോശവുമായ സന്ദേശമല്ലേ, ഗവർണർ ഇന്ന് തന്റെ പ്രവൃത്തിയിലൂടെ നൽകിയിരിക്കുന്നത്. അത് കേരള ജനത അംഗീകരിക്കുമെന്നു തോന്നുന്നില്ല’’ – മന്ത്രി പറഞ്ഞു.

Tags:    
News Summary - Minister Sivankutty against the Governor Arif Mohammed Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT