വനിത ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം -വി.ഡി. സതീശൻ

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിത ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ മാസം പതിനൊന്നാം തിയതി രാത്രി 11.30നാണ് ഹൗസ് സർജൻസി ചെയ്യുന്ന വനിത ഡോക്ടർ അക്രമിക്കപ്പെടുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ സുരക്ഷാ ജീവനക്കാരനായ അനീഷ് എന്നയാളാണ് ആക്രമിച്ചതെന്നാണ് വനിത ഡോക്ടർ പരാതിപ്പെട്ടിരിക്കുന്നത്.

രണ്ടു തവണ തള്ളിയിടുകയും കെട്ടാലറക്കുന്ന തെറിയഭിഷേകം നടത്തുകയും ചെയ്ത ശേഷം ഡോക്ടറെ തടഞ്ഞു വെക്കുകയും ഭീഷണിപെടുത്തുകയും ചെയ്തെന്നും പരാതിയിലുണ്ട്. അന്ന് തന്നെ ആക്രമണത്തിന് ഇരയായ ഡോക്ടർ പരാതി നൽകുകയും അടുത്ത ദിവസം (12/12/2021) എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയും ചെയ്തതാണ്. എന്നാൽ, ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കോടതിയിൽ നിന്നും പ്രതിക്ക് ജാമ്യം എടുക്കാനുള്ള സാവകാശം പൊലീസ് ഒരുക്കികൊടുക്കുന്ന നാടകമാണ് നടക്കുന്നത്. നഗ്നമായ അധികാര ദുർവിനിയോഗവും നീതിനിഷേധവും അംഗീകരിക്കാനാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

പി.ജി ഡോക്ടർമാർ സമരം ചെയ്യുന്ന സാഹചര്യത്തിൽ ആശുപതികളുടെ പ്രവർത്തനം താളം തെറ്റാതിരിക്കാൻ ഹൗസ് സർജൻമാർ കഠിനാധ്വാനം ചെയ്യുകയാണ്. അവരുടെ ആത്മവീര്യം കെടുത്തുന്ന തരത്തിലാണ് ഈ വിഷയത്തിൽ സർക്കാറിന്‍റെ പ്രതികരണം. ആക്രമിക്കപ്പെട്ട വനിത ഡോക്ടർക്ക് നീതി ഉറപ്പാക്കണം. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    
News Summary - Minister Saji Cherian security guard arrested for attacking woman doctor - Opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.