ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി; ഒത്തുതീര്‍പ്പുകൾ ഓർമിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേൽപിക്കാൻ ഭരണഘടന സ്ഥാപനങ്ങളെക്കൂടി ഉപയോഗിച്ച് കേന്ദ്രത്തെ നയിക്കുന്നവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇവിടെയും നടത്തുകയാണെന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോൾ മന്ത്രി കുറ്റപ്പെടുത്തി. സര്‍വകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രസര്‍ക്കാറിന്റെ കടന്നുകയറ്റവും ഹിന്ദുത്വം വ്യാപിപ്പിക്കുന്നതും ചര്‍ച്ചയാകുന്ന കാലമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതേ നയങ്ങള്‍ കേരളത്തിലേക്ക് ഒളിച്ചുകടത്താന്‍ ഭരണഘടന സ്ഥാപനങ്ങളെക്കൂടി ഉപയോഗിച്ച് ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന് പിന്തുണ നല്‍കുന്നവരായി പ്രതിപക്ഷം മാറുകയാണ്.

കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ രാഷ്ര്ടീയം അറിയാവുന്നതിനാല്‍ ഇതില്‍ അദ്ഭുതമില്ല. സാമൂഹികനീതി പ്രകാരമുള്ള വിദ്യാഭ്യാസത്തെ അട്ടിമറിച്ച് പണവും മറ്റുമുള്ളവര്‍ക്ക് മാത്രമാക്കി തീര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് പ്രതിപക്ഷം നടത്തുന്ന ഇകഴ്ത്തലിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നവരാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗോൾവാൾക്കറുടെയും സവര്‍ക്കറുടെയും ദീൻ ദയാൽ ഉപാധ്യായയുടെയും ഹിന്ദുത്വ അജണ്ട പ്രോത്സാഹിപ്പിക്കുന്ന പുസ്‌കങ്ങള്‍ പഠിക്കണമെന്ന് നിർദേശിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചു. മോദി സർക്കാറിനെതിരെ അക്കാദമിക് സമൂഹത്തിന്‍റെ ആരോപണവും ഇതുതന്നെയാണ്.

സംഘ്പരിവാർ അജണ്ട ഇവിടെ കുത്തിനിറയ്ക്കാൻ നോക്കിയിട്ടാണ് കോൺഗ്രസിനെ ആക്ഷേപിക്കുന്നത്. കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകുന്നതിന് ഗവർണറും സർക്കാറും തമ്മിൽ ധാരണയുണ്ടാക്കിയപ്പോൾ മന്ത്രി പറയുന്ന ഹിന്ദുത്വ അജണ്ട ഓർത്തില്ലേയെന്നും സതീശൻ ചോദിച്ചു. അതിനിടെ കണ്ണൂർ സർവകലാശാലയിലെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിൽ തന്നെ അപായപ്പെടുത്താൻ ചരിത്രകാരൻ ഇർഫാൻ ഹബീബ് ശ്രമിച്ചെന്ന ഗവർണറുടെ പരാതിയിൽ അന്വേഷണം വേണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. ആക്രമണശ്രമം ആസൂത്രിതമാണെന്ന് ഗവർണർ ആവർത്തിച്ചിട്ടും അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - minister r bindu indirectly criticized the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.