ജയസൂര്യക്ക് മറുപടിയുമായി മന്ത്രി രാജീവ്: ‘കേരളത്തിന്റെ വിഹിതം കർഷകർക്ക് കൊടുത്തിട്ടുണ്ട്, കൊടുക്കാനുള്ളത് കേന്ദ്രവിഹിതം’

കളമശ്ശേരി: സപ്ലൈക്കോക്ക് വിറ്റ നെല്ലിന്റെ വില കിട്ടാൻ തിരുവോണനാളിൽ പട്ടിണി കിടക്കുന്ന കർഷകരുടെ ദുരിതം ഓർമിപ്പിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി. രാജീവ്. കള​മശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു ജയസൂര്യയുടെ ഒാർമപ്പെടുത്തലും  മന്ത്രിയുടെ മറുപടിയും. കർഷകരിൽനിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പണം നൽകാത്തതാണ് കർഷകരുടെ ദുരിതത്തിന് കാരണമെന്നും മ​ന്ത്രി രാജീവ് പറഞ്ഞു. ജയസൂര്യക്ക് ​ഓണക്കോടി നൽകാൻ മന്ത്രിയെ ക്ഷണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Full View

വിഷംകലർന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും പരിശോധിക്കണമെന്ന ജയസൂര്യയുടെ നിർദേശം പ്രസക്തമാ​െണന്നും ഇതിന് സംസ്ഥാനത്ത് സംവിധാനം ഒരുങ്ങിയിട്ടു​ണ്ടെന്നും മന്ത്രി വ്യക്തമാക്കി.

‘‘ജയസൂര്യ പറഞ്ഞ ഒരു നിർദേശം പ്രസക്തമാണ്. ഭക്ഷ്യവസ്തുക്കളുടെ പരിശോധന. അത് ഞങ്ങൾ ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. ആദ്യത്തേത് വെളിച്ചെണ്ണയുടേതാണ്. സേഫ് ടു ഈറ്റ് എന്ന പേരിൽ വെളിച്ചെണ്ണ ബ്രാൻഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. പച്ചക്കറി പരിശോധിക്കാൻ ലാബുകൾ ആരോഗ്യവകുപ്പിന്റെ കീഴിൽ ആരംഭിക്കുന്നുണ്ട്.

പിന്നെ ജയസൂര്യ പറഞ്ഞ മറ്റൊരു കാര്യം കൃത്യ സമയത്ത് വില കിട്ടണമെന്നതാണ്. ന്യായമായ കാര്യമാണത്. നെല്ല് സംഭരിക്കുന്നത് റേഷനിങ് സംവിധാനത്തിന് വേണ്ടിയാണ്. കിലോക്ക് 20.40 രൂപ കേന്ദ്ര സർക്കാറാണ് കർഷകർക്ക് കൊടുക്കുന്നത്. എന്നാൽ, ഇത് ​പോരെന്ന് മനസ്സിലാക്കിയ സംസ്ഥാന സർക്കാർ 7.80 രൂപ അധികമായി നൽകുന്നുണ്ട്. എന്നാൽ, കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുക വൈകുന്നതിനാൽ പലപ്പോഴും കേരളം ആ തുക കൂടി കടം എടുത്താണ് കർഷകർക്ക് നൽകുന്നത്. നമ്മുടെ 7.80രൂപക്ക് പുറമേ കേന്ദ്രത്തിന്റെ 20.40 രൂപ കൂടി കൂട്ടി സംസ്ഥാനം വായ്പയെടുത്തു കൊടുക്കുന്നു. എന്നാൽ, ഇത്തവണ വായ്പയെടുക്കാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം അൽപം ​ൈവകി. എങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ പൈസക്ക് കാത്തുനിൽക്കാ​െത 2200 കോടി കർഷകർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഓണം കണക്കിലെടുത്ത് കേരളത്തിന്റെ വിഹിതമായ 7.80 രൂപ എല്ലാ കർഷകർക്കും നൽകിയിട്ടുണ്ട്. അടുത്ത തവണ ഇതുപോലെ പ്രശ്നം ഇല്ലാതിരിക്കാൻ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. നെല്ല് കർഷകരിൽ നിന്ന് എടുക്കുമ്പോൾ തന്നെ പണം അവർക്ക് നൽകാനാണ് തീരുമാനം’ -മന്ത്രി പി. രാജീവ് വ്യക്തമാക്കി.

കൃഷിക്കാർ പട്ടിണി സമരം കിടക്കുന്നതും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യ മന്ത്രിമാരെ വേദിയിലിരുത്തി രൂക്ഷവിമർശനം ഉന്നയിച്ചത്. ‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് െകാടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ - എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.

പച്ചക്കറികളുടെയലും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാര പരിശോധനക്ക് സർക്കാർ തലത്തിൽ കർശന സംവിധാനമില്ലാത്തതിനെയും നടൻ വിമർശിച്ചു. ‘നമ്മൾ പച്ചക്കറി അധികം കഴിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സർ, ഇവിടത്തെ സ്ഥിതി വെച്ച് പച്ചക്കറി കഴിക്കാൻ ഇവിടെ എല്ലാവർക്കും പേടിയാണ്. കാരണം കേരളത്തിന് പുറത്ത് നിന്ന് വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് അരിമില്ലിൽ പോയ​േപ്പാൾ ഞാൻ ഇതുവ​െ​ര കാണാത്ത ഒരു ബ്രാൻഡ് കണ്ടു. ഞാൻ ഉടമയോട് ചോദിച്ചപ്പോൾ ഇത് ഫസ്റ്റ് ക്വാളിറ്റിയാണ്, കേരളത്തിൽ വിൽപന ഇല്ല എന്നാണ് പറഞ്ഞത്. ഇവി​ടെയുള്ളവർക്ക് ഇത് കഴിക്കാനുള്ള യോഗ്യത ഇല്ലേ എന്ന് ചോദിച്ചപ്പോൾ ‘ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല. സെക്കൻഡ്, തേർഡ് ക്വാളിറ്റി ആണ് വിൽക്കുന്നത്. ഇവിടെ എന്തെങ്കിലും കൊടുത്താൽ എല്ലാം കടത്തിവിടും’ എന്നായിരുന്നു മറുപടി. ഇവിടെ ക്വാളിറ്റി ചെക്കിങ്ങിനുള്ള അടിസ്ഥാനപരമായ കാര്യമാണ്  വേണ്ടത്. എങ്കിൽ നമുക്ക് ഹെൽത്തിയായ ഭക്ഷണം കഴിക്കാം’ -ജയസൂര്യ പറഞ്ഞു. താൻ പറഞ്ഞതിനെ ​തെറ്റിദ്ധരിക്കരുതെന്നും ഓർമപ്പെടുത്തൽ മാത്രമാ​െണന്നും നടൻ പറഞ്ഞിരുന്നു

Tags:    
News Summary - Minister p rajeev reply to actor jayasurya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.