‘ഇനി പറയാനുള്ളത് ഉദ്യോഗസ്ഥർ‌ പറയും’; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ‌ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവാദത്തിന് ശേഷം ആദ്യമായാണു ഗണേഷി​െൻറ പ്രതികരണം. ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്ന് ഗണേഷ് വ്യക്തമാക്കി.

മന്ത്രി പദവി ഏറ്റെടുത്തശേഷം, കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് ഇ-ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയിൽ പിന്തുണ ലഭിച്ചില്ല. ആധുനിക കാലഘട്ടത്തിൽ ഇ-ബസുകൾ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. ഇതിനിടെ, തിരുവനന്തപുരം കോർപ്പറേഷൻ പുതിയ ഇ-ബസ് വാങ്ങാൻ തീരുമാനമെടുത്തു. ഈ സാഹചര്യത്തിൽ ഗണേഷ് കുമാറി​െൻറ പ്രസ്താവനകളെ തള്ളിക്കൊണ്ടാണ് ഇടതുമുന്നണി പോകുന്നതെന്ന് വ്യക്തമായിരുന്നു.

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലല്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൾ. 2023 ഏപ്രിലിലാണ് 50 ബസുകൾ സർവീസ് ആരംഭിച്ചത്. ആഗസ്റ്റിൽ 107 ബസുകളായി. നിലവിൽ കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. 950 ഇ–ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കൽ നടക്കുന്ന കാര്യമല്ലെന്നും എന്നാൽ, നഷ്ടം കുറക്കാനും ചെലവ് ചുരുക്കാനും കഴിയുമെന്നും  കെ.ബി. ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. താഴെതട്ടിൽ വ​രെ താൻ എങ്ങിനെയാണ് ചെലവ് ചുരുക്കുകയെന്ന് രണ്ടാഴ്ച കൊണ്ട് എല്ലാവർക്കും മനസ്സിലാകുമെന്നാണ് മന്ത്രി സ്ഥാനം പ്രഖ്യാപിച്ച ഉടനെ ഗണേഷ് കുമാർ പറഞ്ഞത്.

ഒരുപാട് കടം വാങ്ങി അശാസ്ത്രീയമായി ഉപയോഗിച്ചതും പാഴ്ചിലവുകളുമാണ് കെ.എസ്.ആർ.ടി.സിയെ നശിപ്പിച്ചത്. സ്​പെയർ പാർട്സുകൾ ലോക്കൽ പർച്ചേസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ നഷ്ടം സംഭവിക്കുന്നുണ്ട്. അവിടെ അഴിമതിക്കും സാധ്യതയുണ്ട്. ഇതിന് കമീഷൻ വാങ്ങുന്ന ആശാൻമാരുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുമായും പെൻഷനേഴ്സുമായും സ്വകാര്യബസ് ഉടമകളുമായും ഒക്കെ സംസാരിക്കും. അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റും ഫാനും ഓഫാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ വേണമെന്നുമായിരുന്നു ഗണേഷ് കുമാറി​െൻറ നിലപാട്. 

Tags:    
News Summary - Minister KB Ganesh Kumar responded to the controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.