ഉദ്യോഗാർഥികളെ കുറ്റബോധം വേട്ടയാടുന്നു; സങ്കടപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ചർച്ചക്കെത്തിയ ഉദ്യോഗാർഥി പ്രതിനിധികളോട് പത്ത് വർഷം റാങ്ക് പട്ടിക നീട്ടിയാലും ജോലി ലഭിക്കില്ലെന്ന് പറഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘടനാ നേതാക്കളാണെന്ന് കരുതിയല്ല ഉദ്യോഗാർഥികളുമായി സംസാരിച്ചതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഉദ്യോഗാർഥികളെന്ന ധാരണയിൽ സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

നല്ലത് മാത്രം ചെയ്ത സർക്കാറിനെ മോശമാക്കാൻ വേണ്ടി ശത്രുക്കളുടെ കൈയിലെ കരുവായിട്ട് നിങ്ങൾ മാറിയില്ലേ എന്നാണ് ഉദ്യോഗാർഥികളോട് ചോദിച്ചത്. നിങ്ങളുടെ മനഃസാക്ഷിക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്തോളൂവെന്നും അവരോട് പറഞ്ഞതായി കടകംപള്ളി വ്യക്തമാക്കി.

തന്‍റെ പരാമർശത്തിൽ ഉദ്യോഗാർഥികൾക്ക് സങ്കടം ഉണ്ടായെന്ന് മാധ്യമങ്ങളാണ് പറഞ്ഞത്. സങ്കടമുണ്ടാകാൻ സാധ്യതയുണ്ട്. കുറ്റബോധത്തിൽ നിന്നുള്ള സങ്കടമാണ് അവർക്ക് ഉണ്ടായതെന്നും മന്ത്രി കടകംപള്ളി ചൂണ്ടിക്കാട്ടി.

പി.എസ്.സി‍യുടെ ഒരു റാങ്ക്പട്ടികയിൽ നിന്ന് മുഴുവൻ ഉദ്യോഗാർഥികളെയും നിയമിച്ച ചരിത്രമില്ല. ഒഴിവ് അനുസരിച്ചു മാത്രമല്ലേ നിയമനം നടക്കൂവെന്നും ഉദ്യോഗാർഥികളോട് ചോദിച്ചിരുന്നു. കുറ്റബോധം ഉദ്യോഗാർഥികളെ വോട്ടയാടുന്നുണ്ടാവും.

കോൺഗ്രസ്, ബി.ജെ.പി, യൂത്ത് കോൺഗ്രസ്, യുവമോർച്ച എന്നിവരുടെ കളിപ്പാവയായിട്ട് നിൽക്കുന്നുവെന്ന തന്‍റെ പരാമർശത്തിൽ ഉദ്യോഗാർഥികൾക്ക് കുറ്റബോധം തോന്നിയതാവും അവർക്ക് സങ്കടം വരാൻ കാരണം. മറ്റ് സങ്കടപ്പെടുത്തുന്ന ഒന്നും താൻ പറഞ്ഞിട്ടില്ല. അനുവാദം വാങ്ങിയിട്ടോ താൻ ആവശ്യപ്പെട്ടിട്ടോ അല്ല അവർ തന്നെ വന്ന് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

പി.എസ്.സി റാങ്ക്പട്ടിക സംബന്ധിച്ച് ഉദ്യോഗാർഥികളുടെ അത്രയും ധാരണ തനിക്കില്ല. ഇക്കാര്യത്തിൽ സാധാരണക്കാരന്‍റെ ധാരണ മാത്രമേ തനിക്കുള്ളൂവെന്നും മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.

സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ പ്രതിനിധികൾ രാവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തിയത്. ഈ കൂടിക്കാഴ്ചക്കിടെയാണ് റാങ്ക് പട്ടിക പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ പോലും ജോലി ലഭിക്കില്ലെന്ന പരാമർശം ഉദ്യോഗാർഥികളോട് മന്ത്രി കടകംപള്ളി നടത്തിയത്.

ചർച്ചയിൽ മന്ത്രി കടകംപള്ളിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമല്ല ഉണ്ടായതെന്നും അദ്ദേഹത്തിന്‍റെ പ്രതികരണം ഞെട്ടിച്ചെന്നും ആണ് ഉദ്യോഗാർഥികളുടെ പ്രതിനിധിയായ ലയ ജയേഷ് ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് പട്ടികയിൽ എത്രാമതാണെന്ന് തന്നോട് ചോദിച്ചെന്നും റാങ്ക് പട്ടിക പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ പോലും താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞതായും ലയ ജയേഷ് വ്യക്തമാക്കി. പിന്നെ എന്തിനാണ് സർക്കാറിനെ നാണംകെടുത്താൻ സമരവുമായി മുന്നോട്ടു പോകുന്നതെന്ന് തന്നോട് മന്ത്രി ചോദിച്ചതായും ലയ മാധ്യമങ്ങളോട് വിവരിച്ചു.

Tags:    
News Summary - Minister Kadakampally Surendran React to PSC Rank Holders Represents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.