കൊച്ചി വൃത്തിയാകാതെ കേരളം വൃത്തിയാകില്ലെന്ന് മന്ത്രി ഗോവിന്ദൻ

കൊച്ചി: നഗരത്തിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും കൊച്ചി വൃത്തിയാകാതെ കേരളം വൃത്തിയാകില്ലെന്നതാണ് വസ്തുതയെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍. ഇതോടൊപ്പം മറ്റു നഗരസഭകളും കോര്‍പറേഷനുകളും പദ്ധതികള്‍ നടപ്പാക്കണം. പദ്ധതികള്‍ ആരംഭിക്കുന്നതിനൊപ്പം എന്നു പൂര്‍ത്തിയാക്കുമെന്ന ഹ്രസ്വകാല, ദീര്‍ഘകാല തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ എന്റെ നഗരം, ശുചിത്വ നഗരം മധ്യമേഖല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാലു വര്‍ഷംകൊണ്ട് പദ്ധതികളുടെ പൂര്‍ത്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ രണ്ടുവര്‍ഷത്തിനകം ശുചിത്വ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രായോഗിക ഇടപെടലുകളും കാര്യശേഷി അതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്മാർ തുടങ്ങിയവര്‍ ശിൽപശാലയില്‍ പങ്കെടുത്തു.

Tags:    
News Summary - Minister Govindan says Kerala will not be clean unless Kochi is clean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.